

പരിഹാരം ഒരാഴ്ചയ്ക്കുള്ളിലെന്ന പ്രതീക്ഷയുമായി ഇറാൻ
file photo
വാഷിങ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ അമെരിക്കൻ സൈനിക സാന്നിധ്യവും സന്നാഹങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ നയതന്ത്രപരമായ തീരുമാനമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി.
MS NOW ചാനലിലെ ‘Morning Joe’ പരിപാടിയിലെ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെയുള്ള സൈനിക വിന്യാസങ്ങൾക്കിടയിലാണ് യുദ്ധാശങ്ക നിലനിൽക്കുന്നതിനിടെ ഇറാനിൽ നിന്നുള്ള ഈ പ്രധാന പ്രതികരണം വന്നിരിക്കുന്നത്.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മധ്യ പൂർവേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന് സമർപ്പിക്കാനുള്ള നിർദേശങ്ങൾ ഇറാൻ തയാറാക്കുകയാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അത് പൂർത്തിയാകുമെന്നും മേലധികാരികളുടെ അനുമതി ലഭിച്ച ശേഷം ഉടൻ തന്നെ അമരെിക്കയ്ക്ക് കൈമാറുമെന്നും അരാഗ്ചി അറിയിച്ചു.
യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്ന് അമെരിക്ക ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാൻ അത് സ്വമേധയാ നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പാക്കുന്നതിനുള്ള ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഞങ്ങൾ യുദ്ധത്തിനും തയ്യാറാണ്, സമാധാനത്തിനും തയ്യാറാണ്” എന്ന് അരാഗ്‌ചി പ്രസ്താവിച്ചു. ഈ പ്രശ്നത്തിന് സൈനിക പരിഹാരമില്ലെന്നും, നയതന്ത്രത്തിലൂടെ മാത്രമേ ശാശ്വതമായ പരിഹാരം കണ്ടെത്താനാകൂവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 10 മുതൽ 15 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകണമെന്ന ട്രംപിന്‍റെ അന്ത്യശാസനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇറാന്‍റെ ഈ നീക്കം.
ഇറാന്‍റെ ആയുധങ്ങൾ പ്രതിരോധ ആവശ്യങ്ങൾക്കു വേണ്ടിയുള്ളതാണെന്നും പശ്ചിമേഷ്യയിലെ അമെരിക്കൻ സൈനിക സാന്നിധ്യം അനാവശ്യമാണെന്നും ഇറാന്‍ വീണ്ടും ആവർത്തിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിൽ സ്വിറ്റ്സർലണ്ടിലെ ജനീവയിൽ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ ചർച്ചകൾ നടന്നേക്കുമെന്നും സൂചനയുണ്ട്.