ആൻഡി ബേൺഹാം ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

കെയ്ർ സ്റ്റാർമറുടെ രാജിയെത്തുടർന്നാണ് ബേൺഹാം യുകെയുടെ അമ്പത്തൊമ്പതാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്
Andy Burnham sworn in as British Prime Minister

ആൻഡി ബേൺഹാം ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റു

Updated on

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ചുമതലയേറ്റു. രാഷ്‌ട്രീയത്തെക്കാളുപരി പ്രശ്നപരിഹാരത്തിനാകും തന്‍റെ മുൻഗണനയെന്നു ബേൺഹാം. തന്‍റെ പുതിയ ദൗത്യം രാജ്യത്തിനു വഴിത്തിരിവാകുമെന്നും ചുമതലയേറ്റശേഷം നടത്തിയ ആദ്യ പ്രസംഗത്തിൽ ബേൺഹാം പറഞ്ഞു.

മുൻഗാമികളിൽ നിന്നു വ്യത്യസ്തനായി തന്‍റെ പുതിയ ആസ്ഥാനത്തു നിന്നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. കുറഞ്ഞതു 40 വർഷം മുന്നിൽക്കണ്ടുള്ള മാറ്റങ്ങളാകും താൻ കൊണ്ടുവരികയെന്നു ബേൺഹാം. ബ്രിട്ടനു വേണ്ടി പുതിയ രാഷ്‌ട്രീയ, സാമ്പത്തിക മാതൃകകൾ അവതരിപ്പിക്കും.

കെയ്ർ സ്റ്റാർമറുടെ രാജിയെത്തുടർന്നാണ് ബേൺഹാം യുകെയുടെ അമ്പത്തൊമ്പതാം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് അടിയന്തര പ്രാധാന്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ സ്റ്റാർമർ സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്ന 180 കോടി പൗണ്ടിന്‍റെ ഡിജിറ്റൽ ഐഡി പദ്ധതി അദ്ദേഹം റദ്ദാക്കി. ഈ തുക അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കും. രാജ്യത്ത് ആരും തെരുവിൽ കിടന്നുറങ്ങാത്ത സാഹചര്യം ഉറപ്പാക്കുമെന്നും അദ്ദേഹം. ഭാര്യ മരിയെ ഫ്രാൻസ് വാൻ ഹീലിനും പാർട്ടി പ്രവർത്തകർക്കുമൊപ്പമാണ് അദ്ദേഹം അഭിസംബോധനയ്ക്കെത്തിയത്.

logo
Metro Vaartha
www.metrovaartha.com