റുബിയോയുടെ ഇന്ത്യാ സന്ദർശനം ഡീസലിനു വേണ്ടി?

എണ്ണയിൽ കാൽവഴുതി ട്രംപ്
Rubio to meet External Affairs Minister S. Jaishankar in Mumbai

മുംബൈയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റുബിയോ കൂടിക്കാഴ്ച നടത്തും.

Updated on: 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജാംനഗറിലെത്തുന്നത് റിലയൻസിന്‍റെ സഹായം തേടാനെന്നു സൂചന

ന്യൂഡൽഹി: യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുടെ ഇന്ത്യാ സന്ദർശനം അമെരിക്ക നേരിടുന്ന ഇന്ധന വിലക്കയറ്റവും രൂക്ഷമായ ഡീസൽ ക്ഷാമവും പരിഹരിക്കാനുള്ള മാർഗങ്ങൾ തേടിയെന്നു സൂചന. നാളെ മുതൽ 22 വരെയാണു റുബിയോയുടെ സന്ദർശനം. പതിവിനു വിപരീതമായി ഡൽഹിയെ ഒഴിവാക്കി മുംബൈയിലും ഗുജറാത്തിലെ ജാംനഗറിലുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദർശനം. 20ന് മുംബൈയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റുബിയോ കൂടിക്കാഴ്ച നടത്തും.

റുബിയോയുടെ സന്ദർശനത്തിനു തൊട്ടുമുൻപ് റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയടക്കം രാജ്യങ്ങൾക്കുള്ള ഉപരോധം നീക്കിയ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടി നടപടി "ഡീസൽ നയതന്ത്ര'ത്തിനുള്ള സാധ്യതകളിലേക്കു വിരൽ ചൂണ്ടുന്നുണ്ട്. ഡീസൽ കയറ്റുമതി തീരുവ കുറച്ച കേന്ദ്രസർക്കാരും സമീപകാലത്ത് വലിഞ്ഞുമുറുകിയ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ തയാറാണെന്ന സന്ദേശം നൽകി.

ഇത്തവണത്തെ സന്ദർശനം പൂർണമായും ബിസിനസുമായി ബന്ധപ്പെട്ടാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞിരുന്നു. മുംബൈയിലെ കൂടിക്കാഴ്ചകൾക്ക് ശേഷം റുബിയോ ജാംനഗറിലെത്തി റിലയൻസ് പ്രതിനിധികളെ കാണും. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി ശൃംഖലകളിലൊന്നായ റിലയൻസ്, കഴിഞ്ഞ 50 വർഷത്തിനിടെ യുഎസിൽ ആദ്യമായി ഒരു എണ്ണശുദ്ധീകരണ ശാലയുടെ നിർമാണത്തിൽ സഹകരിക്കുന്നുണ്ടെന്നും ഗോർ പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയാണു ജാംനഗറിലേത്.

യുഎസിലെ ചരക്കുനീക്കം, ഗതാഗതം, കൃഷി മേഖലകൾ പൂർണമായും ഡീസലിനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ മാസത്തോടെ ഇവിടെ ഡീസൽ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഇതു ട്രംപിന്‍റെ ജനപ്രീതിയെയും ബാധിച്ചു. ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ പ്രതിസന്ധി പരിഹരിക്കാൻ യുഎസ് പ്രസിഡന്‍റ് നിർബന്ധിതനായി.

ഇതേത്തുടർന്നാണു മുൻപു പറഞ്ഞതെല്ലാം വിഴുങ്ങി റഷ്യയിൽ നിന്നു ഡീസൽ വാങ്ങാൻ ട്രംപ് അടിയന്തരമായി കരാറുണ്ടാക്കിയത്. എന്നാൽ, യുക്രെയ്‌നുമായുള്ള യുദ്ധം കാരണം റഷ്യൻ റിഫൈനറികൾ ആക്രമിക്കപ്പെട്ടത് ഡീസൽ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് ട്രംപ് ഇന്ത്യയിലേക്കു നോക്കുന്നത്.

സ്വന്തമായി എണ്ണശേഖരം കുറവാണെങ്കിലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച എണ്ണശുദ്ധീകരണ ശേഷിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങി ശുദ്ധീകരിച്ച് ഡീസലാക്കി യൂറോപ്പിലേക്കും മറ്റ് വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗുജറാത്തിലെ ജാംനഗർ റിഫൈനറിക്ക് ഇതിലുള്ള പങ്ക് പ്രധാനമാണ്. ഇന്ത്യ കൂടുതൽ ഡീസൽ കയറ്റുമതി ചെയ്യുന്നത് ആഗോള വിപണിയിലെ ക്ഷാമം കുറയ്ക്കാനും, ആ വഴിക്ക് അമെരിക്കയിലെ ഇന്ധന വില പിടിച്ചുനിർത്താനും സഹായിക്കുമെന്നാണ് യുഎസിന്‍റെ കണക്കുകൂട്ടൽ.

റുബിയോ ഡൽഹി യാത്ര ഒഴിവാക്കിയതിനെയും ജയശങ്കർ മുംബൈയിലെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ കാണുന്നതിനെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തേ പരിഹസിച്ചിരുന്നു.

"റുബിയോ തന്‍റെ ജീവനക്കാരനെ മുംബൈയിലേക്ക് വിളിപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ഇതേക്കുറിച്ചു വിശദീകരിക്കണമെന്നുമായിരുന്നു രാഹുലിന്‍റെ ആക്ഷേപം. എന്നാൽ, വിദേശ അതിഥികളെയും മന്ത്രിമാരെയും ഡൽഹിക്ക് പുറത്തുള്ള നഗരങ്ങളിൽ സ്വീകരിക്കുന്നത് കഴിഞ്ഞ ഒരു ദശകമായി തുടരുന്ന രീതിയാണെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളിന്‍റെ വിശദീകരണം.

logo
Metro Vaartha
www.metrovaartha.com