

ട്രംപിനെ വധിക്കാൻ പദ്ധതിയില്ല
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ തങ്ങൾക്ക് യാതൊരു പദ്ധതിയുമില്ലെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. യുഎൻ പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നതായി ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ മുന്നറിയിപ്പിനെ തുടർന്ന് തുർക്കിയിൽ നിന്നു മടങ്ങവേ ട്രംപിന് വിമാനം മാറി കയറേണ്ടി വന്നിരുന്നു. എന്നാൽ പരസ്യമായോ രഹസ്യമായോ ട്രംപിനെയോ അദ്ദേഹത്തിന്‍റെ കുടുംബത്തെയോ വധിക്കാൻ ശ്രമിക്കുന്നത് ഇറാന്‍റെ നിലപാടല്ലെന്നും രാജ്യം ആണവായുധം നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പെസെഷ്കിയാൻ വ്യക്തമാക്കി.
മൊജ്തബ ഖമനേയി ആരോഗ്യവാനെന്നും പെസഷ്‌കിയാൻ
ഇറാന്‍റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി തികച്ചും ആരോഗ്യവാനാണന്ന് പെസെഷ്കിയാൻ പറഞ്ഞു. ഏകദേശം ഒരു മാസം മുമ്പ് തങ്ങൾ തമ്മിൽ ഏഴു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും നിലത്ത് മെത്തകളിൽ ഇരിക്കുകയും എഴുന്നേറ്റു നടക്കുകയും ചെയ്തതായി പറഞ്ഞ പെസെഷ്കിയാൻ അദ്ദേഹത്തിന്‍റെ ആരോഗ്യത്തിലോ ശാരീരിക രൂപത്തിലോ വലിയ പ്രശ്നങ്ങൾ ഒന്നും കണ്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
മുൻ പരമോന്നത നേതാവും മൊജ്തബയുടെ പിതാവുമായ അലി ഖമനേയി യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മൊജ്തബയുടെ ആരോഗ്യ നിലയെ കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.
നിലവിലെ സംഘർഷങ്ങൾക്കും യുദ്ധത്തിനും കാരണം അമേരിക്കയാണെന്ന് പെസഷ്കിയാൻ കുറ്റപ്പെടുത്തി. നയതന്ത്ര ചർച്ചകൾക്ക് തങ്ങൾക്ക് എതിർപ്പില്ലെന്നും മുൻപ് അമേരിക്കൻ പ്രസിഡന്‍റുമായി കൈവരിച്ച ധാരണയുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഹോർമുസ് കടലിടുക്ക് തടസമില്ലാതെ തുറന്നു നൽകിയിട്ടും യാതൊരു ന്യായീകരണവുമില്ലാതെ അമേരിക്ക തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പരമോന്നത നേതാവിനെയും ശാസ്ത്രജ്ഞരെയും സൈനിക കമാൻഡർമാരെയും ഭരണാധികാരികളെയും അമേരിക്ക വധിച്ചുവെന്നും പെസഷ്‌കിയാൻ ചൂണ്ടിക്കാട്ടി.