

യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിൽ അയ്യായിരം നാവികർ ടോയ് ലറ്റിൽ പോകാൻ ക്യൂ നിൽക്കുന്നത് 45 മിനിറ്റ് വീതം!
file photo
യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ,ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനിക്കപ്പൽ. ഇറാനെതിരെ യുദ്ധം ചെയ്യാൻ അതിൽ എത്തിയിരിക്കുന്നത് 5000ത്തോളം നാവികർ. ഇറാനിയൻ മിസൈലുകളെക്കുറിച്ചല്ല ഇപ്പോഴവരുടെ ചിന്ത. എന്ന് ഒന്നു സ്വസ്ഥമായി ടോയ് ലറ്റിൽ പോകാൻ പറ്റുമെന്നാണ്. ഏറ്റവും വലുതും മുന്തിയതുമൊക്കെയാണെങ്കിലും ജെറാൾഡ് ആർ ഫോർഡിൽ 13.3 ബില്യൺ ഡോളർ മുടക്കി നിർമിച്ച ഈ കപ്പലിലെ വാക്വം അധിഷ്ഠിത മലിനജല സംവിധാനം പൂർണമായും തകരാറിലാണ്. ഇതിലെ 650 ടോയ്‌ലറ്റുകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമായതാണ് നാവികരെ കുഴക്കുന്നത് . പ്രാഥമിക ആവശ്യങ്ങൾക്കായി ഇപ്പോൾ യുഎസ് നാവികർക്ക് 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ട അവസ്ഥയാണ് കപ്പലിൽ.
പൈപ്പുകളിൽ കാൽസ്യം അടിഞ്ഞു കൂടുന്നതു തടയാൻ ഓരോ തവണയും ആസിഡ് ഫ്ലഷ് നടത്താൻ ഏകദേശം നാലു ലക്ഷം ഡോളർ(ഏതാണ്ട് 4 കോടി രൂപ) ചെലവുണ്ട്. യുദ്ധസജ്ജമായി കടലിൽ തുടരുന്ന കപ്പലിൽ ഈ അറ്റകുറ്റപ്പണി സാധ്യവുമല്ല. 2025 ജൂൺ മുതൽ കടലിൽ തുടരുന്ന നാവികർക്ക് നാട്ടിലേക്ക് മടങ്ങാൻ ഇതുവരെ അനുവാദം ലഭിച്ചിട്ടില്ല. വർധിച്ച അസ്വസ്ഥതകൾ മൂലം ഈ കപ്പലിലെ നാവികർക്കിടയിൽ മനോവീര്യം തകർന്നിരിക്കുകയാണെന്നാണ് റിപ്പോർട്ട്.