

ഖമൈനിയെ യുഎസ് ലക്ഷ്യമിട്ടാൽ ഫലം സമ്പൂർണ യുദ്ധം: ഇറാൻ
FILE PHOTO
ടെഹ്റാൻ: യുഎസ്-ഇറാൻ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ നടത്തിയാൽ ഫലം സമ്പൂർണ യുദ്ധമായിരിക്കും എന്ന പ്രഖ്യാപനവുമായി ഇറാൻ. ഒരു പരമാധികാര രാജ്യമായ ഇറാന്‍റെ പരമാധികാരത്തിനു മേലുള്ള ഏതു കടന്നു കയറ്റവും ശക്തമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് മസൂസ് പെഷെസ്കിയൻ എക്സിൽ പങ്കു വച്ച പോസ്റ്റിൽ പറയുന്നു.
ഖമൈനിക്ക് എതിരായ ഓരോ നീക്കവും ഇറാൻ ജനതയ്ക്ക് എതിരായ യുദ്ധമായി കണക്കാക്കും എന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിൽ പുതിയ നേതൃത്വം വരാൻ സമയമായി എന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയോടുള്ള പ്രതികരണമായിട്ടായിരുന്നു ഈ വാക്കുകൾ. ഇതിനിടെ ഇറാനിൽ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5000 കടന്നതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് കേവലം ഒരു നമ്പർ മാത്രമാണ്. പ്രതികളെ വധശിക്ഷയ്ക്ക് വിധിക്കുന്നത് തുടരുമെന്നാണ് ഇറാന്‍റെ ഇപ്പോഴത്തെ നയം.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ ഭരണകൂടത്തിനെതിരെയുള്ള പോരാട്ടമായി മാറി. ഇറാന്‍റെ വടക്കു പടിഞ്ഞാറൻ കുർദിഷ് മേഖലകളിലാണ് പ്രക്ഷോഭം ഏറ്റവും ശക്തമെന്നും അവിടെയാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് എന്നും അധികൃതർ വ്യക്തമാക്കുന്നു. ഇറാഖിൽ നിന്ന് സായുധ കുർദിഷ് ഗ്രൂപ്പുകൾ അതിർത്തി കടക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സുരക്ഷാ സേന പ്രക്ഷോഭകാരികൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.