

യുക്രെയ്ൻ-പോളണ്ട് അതിർത്തിയിൽ റഷ്യൻ ഡ്രോൺ ആക്രമണം
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മുതിർന്ന യൂറോപ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന റെയിൽവേ പാതയിൽ റഷ്യൻ ഡ്രോൺ ആക്രമണം. യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടന്ന ‘യാൽറ്റ യൂറോപ്യൻ സ്ട്രാറ്റജി’ (YES) ഉച്ചകോടിക്ക് ശേഷം മടങ്ങുകയായിരുന്ന നയതന്ത്ര പ്രതിനിധികളുടെ സംഘമാണ് വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
നയതന്ത്ര സംഘത്തിന്‍റെ ട്രെയ്ൻ കടന്നു പോയതിനു തൊട്ടു പിന്നാലെ യുക്രെയ്ൻ-പോളണ്ട് അതിർത്തിയോടു ചേർന്നുള്ള യാഹോദിൻ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയ്നിന്‍റെ എൻജിനു മേലാണ് റഷ്യൻ ഡ്രോൺ പതിച്ചത്. ആക്രമണത്തിനു തൊട്ടു മുമ്പ് യാത്രക്കാരെ പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.
റഷ്യൻ ആക്രമണ ഭീഷണിയെ തുടർന്ന് നയതന്ത്ര പ്രതിനിധികൾ സഞ്ചരിച്ച ട്രെയ്ൻ സമയക്രമത്തിൽ മാറ്റം വരുത്തി നേരത്തെ സ്റ്റേഷൻ വിട്ടിരുന്നതായി യുക്രെയ്ൻ സ്റ്റേറ്റ് റെയ് ൽവേ കമ്പനിയായ യുക്രസാലിസ്നിറ്റ്സിയ (Ukrzaliznytsia) വ്യക്തമാക്കി. ഈ റഷ്യൻ ഡ്രോണിന്‍റെ യഥാർഥ ലക്ഷ്യം നയതന്ത്ര പ്രതിനിധികളുടെ ട്രെയ്ൻ തന്നെയാകാനാണ് സാധ്യതയെന്നും റെയ്ൽവേ അധികൃതർ കൂട്ടിച്ചേർത്തു. മുൻ സിഐഎ മേധാവി ഡേവിഡ് പെട്രേവസ് ഉൾപ്പടെയുള്ള പ്രമുഖരും ഈ സമയം ഇതേ സ്റ്റേഷനിലെ മറ്റൊരു ട്രെയിനിൽ ഉണ്ടായിരുന്നു.
പോളണ്ട് അതിർത്തിയിൽ നിന്നു വെറും രണ്ടു കിലോമീറ്റർ മാത്രം അകലെ നടന്നഈ ആക്രമണത്തെ ക്രൂരവും യുക്തിരഹിതവുമെന്ന് ആണ് ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്. യുക്രെയ്നിലെ സാധാരണക്കാർ ദിവസേന അനുഭവിക്കുന്ന ഇത്തരം ഭീകരതകളെ പ്രതിരോധിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ അടിയന്തിരമായി കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റഷ്യയുടെ ഈ ക്രൂരമായ ആക്രമണം യൂറോപ്യൻ യൂണിയന്‍റെയും നാറ്റോയുടെയും വാതിലുകളിൽ വന്നു മുട്ടുന്ന റഷ്യൻ ഭീകരതയുടെ തെളിവാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് അടിയന്തിര യോഗം വിളിച്ചു ചേർത്തു.