Dubai public transport

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

ദുബായ് ആർടിഎയുടെ ഗതാഗത സംവിധാനം: ഈ വർഷം യാത്ര ചെയ്തത് 395 ദശലക്ഷം പേർ

ദുബായ് ആർടിഎ യുടെ കീഴിലുള്ള മുഴുവൻ പൊതു ഗതാഗത സംവിധാനങ്ങളിലുമായി ഈ വർഷം ആദ്യ പകുതിയിൽ 395 ദശലക്ഷം പേർ യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു

ദുബായ്: ദുബായ് ആർടിഎ യുടെ കീഴിലുള്ള മുഴുവൻ പൊതു ഗതാഗത സംവിധാനങ്ങളിലുമായി ഈ വർഷം ആദ്യ പകുതിയിൽ 395 ദശലക്ഷം പേർ യാത്ര ചെയ്തതായി അധികൃതർ അറിയിച്ചു. ഈ വർഷം ആദ്യ പകുതിയിൽ ശരാശരി 2.18 ദശലക്ഷം യാത്രക്കാർ മെട്രൊ, ബസ്, വാട്ടർ ട്രാൻസ്‌പോർട് എന്നിവ ഉപയോഗിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് ഏകദേശം 1.98 ദശലക്ഷമായിരുന്നുവെന്നും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു.

ടാക്സികൾ, ആപ്പ് അധിഷ്ഠിത വാഹനങ്ങൾ, മണിക്കൂർ അടിസ്ഥാനത്തിൽ വാടകയ്ക്ക് നൽകുന്ന വാഹനങ്ങൾ, ഓൺ ഡിമാൻഡ് ബസുകൾ, പങ്കാളിത്ത വാഹനങ്ങൾ തുടങ്ങിയ ഓപ്ഷനുകളും ആർടിഎ നൽകിയിരുന്നു. ഏറ്റവും കൂടുതൽ പ്രതിമാസ യാത്രക്കാർ രജിസ്റ്റർ ചെയ്തത് മേയ് മാസത്തിലായിരുന്നു -68.8 ദശലക്ഷം. 2024ലെ ഇതേ കാലയളവിലെ 361.2 ദശലക്ഷം യാത്രക്കാരെ അപേക്ഷിച്ച് മൊത്തം പൊതുഗതാഗത ഉപയോക്താക്കളുടെ എണ്ണം 9% വർധിച്ചുവെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതൽ യാത്രക്കാർ മെട്രൊയിൽ

ഈ വർഷം ആദ്യ ആറു മാസത്തിനിടെ ദുബായ് മെട്രൊയിലാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. മെട്രൊയിൽ 36.5%, ടാക്സികളിൽ 26% എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം. മൊത്തം യാത്രക്കാരുടെ 24% പേർ പൊതു ബസുകളാണ് ഉപയോഗിച്ചതെന്ന് ആർ‌.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.

ഏറ്റവും തിരക്കേറിയ മെട്രൊ സ്റ്റേഷൻ ബുർജുമാൻ

മെട്രൊയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത് ബുർജുമാൻ, അൽ റിഗ്ഗ എന്നീ സ്റ്റേഷനുകളിലാണ്. ബർജുമാൻ സ്റ്റേഷനിൽ 8.6 ദശലക്ഷം യാത്രക്കാരുടെ സാന്നിധ്യമുണ്ടായി. അൽ റിഗ്ഗ സ്റ്റേഷൻ 6.8 ദശലക്ഷവുമായി തൊട്ടുപിന്നിലെത്തി.അതിന് പിന്നിൽ 6.6 ദശലക്ഷം യാത്രക്കാരുമായി യൂണിയൻ സ്റ്റേഷൻ മമൂന്നാമതെത്തി.

ഗ്രീൻ ലൈനിൽ യാത്രക്കാരുടെ എണ്ണത്തിൽ 5.1 ദശലക്ഷം യാത്രക്കാരുമായി ഷറഫ് ഡിജി സ്റ്റേഷൻ ഒന്നാം സ്ഥാനത്തും, 4.1 ദശലക്ഷം യാത്രക്കാരുമായി ബനിയാസ് സ്റ്റേഷൻ രണ്ടാം സ്ഥാനത്തും, 3.6 ദശലക്ഷം യാത്രക്കാരുമായി സ്റ്റേഡിയം സ്റ്റേഷൻ മൂന്നാം സ്ഥാനത്തുമാണ്.

മറ്റ് ഗതാഗത ഉപാധികൾ

ഈ വർഷം ആദ്യ പകുതിയിൽ ദുബായ് ട്രാം വഴി 4.9 ദശലക്ഷം യാത്രക്കാർ സഞ്ചരിച്ചു. പൊതു ബസുകളിൽ 95.7 ദശലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. മുഴുവൻ ജല ഗതാഗത ഉപാധികളുടെയും ആകെ ഉപയോക്താക്കളുടെ എണ്ണം 9.7 ദശലക്ഷത്തിലെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com