

ഗാസയിൽ രണ്ടാം ഘട്ട വെടിനിർത്തൽ പദ്ധതി പ്രഖ്യാപിച്ച് യുഎസ്
credit: aljazeera
വാഷിങ്ടൺ: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉള്ള 20 ഇന പദ്ധതിയുടെ രണ്ടാം ഘട്ടംആരംഭിച്ചതായി പ്രഖ്യാപിച്ച് അമെരിക്ക. പ്രദേശത്തിന്‍റെ ഭരണ നിർവഹണത്തിനായി ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചതായും യുഎസ് അറിയിച്ചു. സായുധ സംഘങ്ങളെ നിരായുധീകരിക്കുക, സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഭരണം, പുനർനിർമാണം എന്നിവയ്ക്കാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുന്നതെന്ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വ്യക്തമാക്കി.
എന്നാൽ ഹമാസിനെ പൂർണമായി നിരായുധരാക്കുന്ന കാര്യത്തിലും ബന്ദികളുടെ മോചനത്തിലും പുരോഗതിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ ഈ നീക്കത്തെ ശക്തമായി എതിർക്കുന്നു. ശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് ഉടൻ വിട്ടു നൽകണമെന്ന് യുഎസ് ആവശ്യപ്പെട്ടു. ഇതിൽ പരാജയപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സ്റ്റീവ് വിറ്റ്കോഫ് എക്സിലൂടെ മുന്നറിയിപ്പു നൽകി. റാൻഗ്വിലി എന്ന ബന്ദിയുടെ മൃതദേഹം ഇപ്പോഴും ഗാസയിൽ തുടരുന്നതും ഹമാസ് ആയുധം വച്ചു കീഴടങ്ങാത്തതും ചൂണ്ടിക്കാട്ടി ഇസ്രയേൽ രണ്ടാം ഘട്ടത്തോടു സഹകരിക്കുന്നില്ല.
തന്മൂലം ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ അതിർത്തി തുറക്കാൻ ഇസ്രയേൽ വിസമ്മതിച്ചു. യുദ്ധം തകർത്ത ഗാസയുടെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിനും വിദേശ സഹായങ്ങൾ വിതരണം ചെയ്യുന്നതിനും ആയിട്ടാണ് പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്. കടുത്ത വെല്ലുവിളികൾ നിലനിൽക്കുമ്പോളും ഗാസയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള യുഎസിന്‍റെ ഈ നീക്കം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായകമാണ്. എന്നാൽ ഇസ്രയേലിന്‍റെ സഹകരണം ഇല്ലാതെ ഈ പദ്ധതി എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.