

സുഡാനിൽ 33 നഴ്സറി കുഞ്ഞുങ്ങൾ ഉൾപ്പടെ 50 പേർ കൊല്ലപ്പെട്ടു
file photo
ഖാർത്തൂം: സുഡാനിൽ പാരാമിലിട്ടറി സേനയുടെ ഡ്രോൺ ആക്രമണത്തിൽ 33 കുഞ്ഞുങ്ങൾ ഉൾപ്പടെ 50 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളെല്ലാം നഴ്സറി വിദ്യാർഥികളാണ്. തെക്കൻ സുഡാനിലെ കലോജി പട്ടണത്തിലെ കിന്‍റർ ഗാർഡനു നേരെയായിരുന്നു പാരാ മിലിട്ടറി സംഘത്തിന്‍റെ ഡ്രോൺ ആക്രമണം. ഈ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ എത്തിയ മെഡിക്കൽ സംഘത്തിനു നേരെയും ആക്രമണം നടന്നു.
ആഭ്യന്തര സംഘർഷം രൂക്ഷമായിട്ടുള്ള സുഡാനിൽ സൈന്യവും റാപ്പിഡ് സപ്പോർട്ടേഴ്സ് ടീമും തമ്മിൽ ഉള്ള സംഘർഷം വ്യാപകമാണ്. സുഡാനിൽ എണ്ണ സമ്പുഷ്ടമായ കോർഡോഫാൻ സംസ്ഥാനങ്ങളിലാണ് സൈന്യവും പാരാ മിലിട്ടറിയും തമ്മിൽ രൂക്ഷമായ സംഘർഷം നടക്കുന്നത്. റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് എൽ ഫഷർ നഗരം പിടിച്ചെടുത്തതിനു ശേഷം ഈ മേഖലയിൽ സംഘർഷം വർധിച്ചിരുന്നു.
സുഡാനിലെ കുഞ്ഞുങ്ങൾ
file photo
കോർഡോഫാൻ മേഖലയിൽ എൽ ഫഷറിൽ നടന്നതു പോലുള്ള പുതിയ അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് മുന്നറിയിപ്പു നൽകിയിരുന്നു.
ചാഡ്-സുഡാൻ അതിർത്തിയിൽ നടന്ന ഡ്രോൺ ആക്രമണത്തിനു പിന്നിൽ സുഡാൻ സൈന്യമാണെന്ന് ആർഎസ്എഫ് ആരോപിച്ചു. ഈ ആക്രമണത്തെ കുറിച്ച് സുഡാൻ സൈന്യം പ്രതികരിച്ചിട്ടില്ല.