

സിറിയയിലെ പള്ളിയിൽ പ്രാർഥനയ്ക്കിടെ സ്ഫോടനം; 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
ഡമാസ്കസ്: സിറിയയിലെ ഹോംസ് നഗരത്തിൽ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തിൽ 8 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വാദി അൽ ദഹാബ് ജില്ലയിലെ ഇമാം അലി ഇബ്നു അബി താലിബ് പള്ളിയിലാണ് സ്ഫോടനമുണ്ടായതെന്നാണ് സംസ്ഥാന വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടനത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാർഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.
സംഭവത്തെ ഭീകരവാദ സ്ഫോടനമെന്നാണ് സിറിയിൻ ആഭ‍്യന്തര മന്ത്രാലയം വിശേഷിപ്പിച്ചത്. പള്ളി ലക്ഷ‍്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. പള്ളിയ്ക്കുള്ളിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതായും അഭ‍്യൂഹങ്ങളുണ്ട്.
ആക്രമണത്തിനു പിന്നിൽ ആരാണെന്നത് അടക്കമുള്ള കാര‍്യങ്ങൾ അന്വേഷിച്ചു വരുകയാണ്. ഇസ്‌ലാമിക ഭരണകൂടം അധികാരമേറ്റ ശേഷം ഒരു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ആരാധനാലയത്തിൽ സ്ഫോടനമുണ്ടാവുന്നത്. കഴിഞ്ഞ ജൂൺ 25ന് ഡമാസ്കസിലെ ഒരു പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.