നാറ്റോ ഉച്ചകോടിക്കു പിന്നാലെ ട്രംപ് മടങ്ങിയത് സൈനിക വിമാനത്തിൽ

രഹസ്യ നീക്കം ഇറാന്‍റെ വധഭീഷണിയെ തുടർന്ന്
 NATO summit:Trump returns on military plane

നാറ്റോ ഉച്ചകോടിക്കു പിന്നാലെ ട്രംപ് മടങ്ങിയത് സൈനിക വിമാനത്തിൽ

Updated on

വാഷിങ്ടൺ: നാറ്റോ ഉച്ചകോടിക്കു പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ മടങ്ങിയത് സൈനിക വിമാനത്തിൽ. തുർക്കിയിലെ അങ്കാറ വിമാനത്താവളത്തിൽ നിന്ന് എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപ് പിന്നീട് രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേയ്ക്കു കയറിയതായും ഈ വിമാനത്തിലാണ് ട്രംപ് ബ്രിട്ടനിലേയ്ക്ക് യാത്ര ചെയ്തതെന്നുമാണ് വാഷിങ്ടൺ പോസ്റ്റിന്‍റെ റിപ്പോർട്ട്.

ഇറാന്‍റെ വധഭീഷണിയടക്കം നിലനിന്നിരുന്നതിനാൽ സുരക്ഷാ കാരണങ്ങളാലാണ് ഇത്തരത്തിൽ രഹസ്യ നീക്കം നടത്തിയതെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഖത്തർ സമ്മാനിച്ച എയർഫോഴ്സ് വൺ വിമാനത്തിലാണ് ട്രംപ് അമെരിക്കയിൽ നിന്നു യാത്ര തിരിച്ചത്.

ഖത്തർ സമ്മാനിച്ച വിമാനത്തിലെ ട്രംപിന്‍റെ ആദ്യ വിദേശ യാത്രയായിരുന്നു അത്. ഉച്ചകോടിക്കു ശേഷം പ്രസിഡന്‍റ് ബ്രിട്ടനിലേയ്ക്കു തിരിച്ചത് നേരത്തെ ഉപയോഗിച്ചിരുന്ന എയർഫോഴ്സ് വൺ വിമാനത്തിലായിരുന്നു. എന്നാൽ തുർക്കിയിലെ വിമാനത്താവളത്തിൽ വച്ച് പഴയ എയർഫോഴ്സ് വൺ വിമാനത്തിൽ കയറിയ ട്രംപ് ഇതിൽ യാത്ര ചെയ്തില്ലെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട്.

മാധ്യമ പ്രവർത്തകരെയും ഫോട്ടോഗ്രാഫർമാരെയും അഭിവാദ്യം ചെയ്ത ശേഷം വിമാനത്തിൽ കയറിയ ട്രംപിനെ പിന്നീട് എയർഫോഴ്സ് സി-32എ എന്ന സൈനിക വിമാനത്തിലേയ്ക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. അതീവ രഹസ്യമായിട്ടായിരുന്നു ഈ നീക്കം. തുടർന്ന് ഈ വിമാനത്തിലാണ് അദ്ദേഹം ബ്രിട്ടനിലേയ്ക്ക് യാത്ര ചെയ്തതെന്നും റിപ്പോർട്ടിൽ പറ‍യുന്നു.

logo
Metro Vaartha
www.metrovaartha.com