

യുക്രെയ്ൻ ഓർമിപ്പിക്കുന്നത്...
file photo
റീന വർഗീസ് കണ്ണിമല
റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന് നാലാം വർഷം.കൃത്യമായി പറഞ്ഞാൽ 1460 ദിവസം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ വംശഹത്യ, ഏറ്റവും വലിയ അഭയാർഥിപ്രവാഹം ഒക്കെ സൃഷ്ടിച്ച യുദ്ധമാണ് യുക്രെയ്നിൽ റഷ്യ നടത്തുന്നത്. റഷ്യയുടെ കടന്നു കയറ്റവും ആവശ്യങ്ങളും ലോകത്തിന്‍റെ തന്നെ ഭക്ഷ്യ ശൃംഖല പോലും തകർക്കാൻ പോന്നതായിരുന്നു എന്നതാണ് സത്യം. കാരണം യുക്രെയ്ൻ ലോകത്തിന്‍റെ തന്നെ വലിയൊരു ഭക്ഷ്യ വിളകേന്ദ്രമാണ്. കഴിഞ്ഞ 1460 ദിവസങ്ങൾ കൊണ്ട് യുക്രെയ്നിന്‍റെ 20 ശതമാനവും റഷ്യ കൈവശമാക്കി.
2022ൽ യുദ്ധം തുടങ്ങുമ്പോൾ 41,048,766 ജനങ്ങളുണ്ടായിരുന്ന യുക്രെയ്നിൽ 2026 ഫെബ്രുവരി 23 ന് യുഎൻ പുറത്തു വിട്ട കണക്കു പ്രകാരം 39,535,849 പേരാണ് ജനങ്ങളുള്ളത്. ഇതിൽ തന്നെ 2021 മുതൽ, ഉക്രേനിയൻ ഫെർട്ടിലിറ്റി നിരക്ക് 1.3 ൽ താഴെയായി. നിലവിൽ ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണിത്. 2024 ആയപ്പോഴേക്കും, ലോകത്തിലെ ഏറ്റവും താഴ്ന്ന പത്ത് നിരക്കുകളിൽ ഒന്നായി ഇത് മാറി.1.00 ൽ താഴെയായി.
യുക്രെയ്ൻ മിഷനറി സിസ്റ്റർ ലിജി പയ്യപ്പിള്ളി
Sister Liji Payyappally
യുക്രെയ്ൻ യുദ്ധത്തെ കുറിച്ച് യുക്രെയ്നിലുള്ള മലയാളി മിഷനറി സിസ്റ്റർ ലിജി പയ്യപ്പിള്ളി മെട്രൊ വാർത്തയോടു സംസാരിച്ചു. സിസ്റ്ററുമായുള്ള സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ:
"നാലു വർഷം മുമ്പ് യുക്രെയ്നെ റഷ്യ കടന്നാക്രമിച്ചപ്പോൾ യുക്രെയ്ൻ പ്രതിരോധിക്കുക മാത്രമേ ചെയ്തുള്ളു. അന്നൊക്കെ യുക്രെയ്നെ സപ്പോർട്ട് ചെയ്തവരൊന്നും ഇന്നത് തിരിഞ്ഞു നോക്കുന്നില്ല. ഇവിടെ യുദ്ധമില്ലെന്നാണ് പലരുടെയും ചിന്ത. എന്നാൽ അഞ്ചു ലക്ഷത്തോളം പേരെയാണ് റഷ്യ കൊന്നൊടുക്കിയത്. കാണാതായവർ ഏഴു ലക്ഷത്തോളം വരുമെന്നാണ് കണക്കുകൾ.
യുദ്ധം തുടങ്ങിയപ്പോൾ 42 കോടി ജനങ്ങളുണ്ടായിരുന്ന യുക്രെയ്നിൽ ഇപ്പോൾ 22 കോടി ജനങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു. അതിൽ തന്നെ സ്ത്രീകളെയും കുട്ടികളെയും മാത്രമേ ഇവിടെ എവിടെയും കാണാനുള്ളു. 25 വയസിനും അതിനു മുകളിലുമുള്ള പുരുഷന്മാരെ മഷിയിട്ടു നോക്കിയാൽ പോലും കാണാനില്ല. രാത്രി ഉറങ്ങാൻ കിടന്നാൽ നേരം പുലരുന്നത് കാണാനാകുമെന്ന് യാതൊരുറപ്പുമില്ല. ജനവാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളുമെല്ലാം റഷ്യ കടന്നാക്രമിക്കുകയാണ്.
ഞാൻ നേരിട്ടു കണ്ട ഒരനുഭവം പറയാം- ഇക്കഴിഞ്ഞയാഴ്ച ഇവിടെ ഒരു അപ്പാർട്ട്മെന്‍റിലേയ്ക്ക് മിസൈൽ ആക്രമണമുണ്ടായി. ആ അപ്പാർട്ട്മെന്‍റിലുണ്ടായിരുന്ന യുവാക്കളായ മാതാപിതാക്കളും മൂന്നു കുട്ടികളും അടക്കം എല്ലാവരും ആ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഞാനവിടെ പോയിരുന്നു. യുദ്ധത്തിന്‍റെ യാതൊരു നിയമങ്ങളും ഇവിടെ ബാധകമല്ല.
എല്ലാ മഞ്ഞു കാലത്തും റഷ്യ യുക്രെയ്ന്‍റെ ഊർജ്ജമേഖലയെ കടന്നാക്രമിക്കും. മൈനസ് 22 ഡിഗ്രിയൊക്കെയാണ് മഞ്ഞു കാലത്ത് ഇവിടെ തണുപ്പ്. ഹീറ്റർ സിസ്റ്റമാണ് ഇവിടെ ജനങ്ങളെ ഈ കാലത്തു നിലനിർത്തിപ്പോരുന്നത്. അതിന് ഇലക്‌ട്രിസിറ്റി അത്യാവശ്യവുമാണ്.
ഹീറ്റർ പ്രവർത്തിപ്പിക്കാനോ ദൈനം ദിന കാര്യങ്ങൾക്കോ വൈദ്യുതി ഇല്ലാതാക്കി ഇത്തരത്തിൽ ഊർജ്ജമേഖല തകർക്കുന്നതിലൂടെ ജനങ്ങളെയും ഗർഭിണികളെയും രോഗികളെയുമെല്ലാം മഞ്ഞിൽ മുക്കി കൊല്ലുകയാണ് റഷ്യ. ഫലത്തിൽ യുക്രെയ്നെ ഇല്ലായ്മ ചെയ്യുന്ന റഷ്യയുടെ ഒരു യുദ്ധ തന്ത്രമാണിത്. ടോയ് ലറ്റ് സൗകര്യം പോലുമില്ലാതെ യുക്രെയ്നികൾ ഇവിടെ നരകിക്കുകയാണ് റഷ്യയുടെ ഈ അതിക്രമത്തിലൂടെ.
യുദ്ധം അവസാനിപ്പിക്കാൻ റഷ്യ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ യുക്രെയ്ന് അംഗീകരിക്കാൻ പറ്റാത്ത രീതിയിലുള്ളതാണ്. യുക്രെയ്ന്‍റെ നാഫ്തയും പെട്രോളുമൊക്കെയാണ് റഷ്യയുടെ ലക്ഷ്യം. യുക്രെയ്ന്‍റെ സമ്പന്നത തട്ടിയെടുക്കുക, നാറ്റോയിൽ ഒരിക്കലും യുക്രെയ്ൻ അംഗത്വം എടുക്കാതിരിക്കുക, യുക്രെയ്നിൽ റഷ്യൻ ഭാഷ ദേശീയ ഭാഷയാക്കുക, യുക്രെയ്ന്‍റെ അതിർത്തികളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുക ഇതൊക്കെയാണ് റഷ്യയുടെ മുഖ്യ ആവശ്യങ്ങൾ. ഇതൊക്കെ ഒരു പരമാധികാര രാജ്യം എങ്ങനെയാണ് അനുവദിക്കുക?
പത്തു ദിവസം കൊണ്ട് യുക്രെയ്നെ കീഴടക്കും എന്നു പറഞ്ഞു റഷ്യ തുടങ്ങിയ കടന്നു കയറ്റമാണ്. ഇതു വരെ റഷ്യയ്ക്ക് യുക്രയെ്നികളെ അവർ ആഗ്രഹിച്ച പോലെ കീഴടക്കാനായില്ലല്ലോ? യുദ്ധം ഒന്നും നേടുന്നില്ല, അത് നാശം മാത്രമേ ഉണ്ടാക്കുന്നുള്ളു. ഈ യൂറോപ്യൻ രാജ്യങ്ങൾ എല്ലാം കൂടി ഒന്നിച്ചാൽ യുക്രെയ്നെ രക്ഷിക്കാം. പക്ഷേ ആരുമതു ചെയ്യുന്നില്ല. യുക്രെയ്ൻ ഒരു ഇരയാണ്, റഷ്യയുടെയും അമെരിക്കയുടെയും സ്വാർഥ താൽപര്യങ്ങൾക്കിടെ ഞെരിഞ്ഞമരുന്ന ഇര..."സിസ്റ്റർ പറഞ്ഞു നിർത്തി.
യുക്രെയ്ന്‍റെ ഊർജ്ജമേഖലയെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്ന് വ്ലോഡിമിർ സെലൻസ്കി സോഷ്യൽ മീഡിയയിൽ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ റഷ്യ 1300 റോളം ഡ്രോണുകള്‍ ആണ് വിക്ഷേപിച്ചത്. കൂടാതെ 96 മിസൈലുകളും ഡസന്‍ കണക്കിന് ബാലിസ്റ്റിക് ബോംബുകളും ഉള്‍പ്പെടുന്നുവെന്ന് സെലെന്‍സ്‌കി പറഞ്ഞു.
യുക്രെയ്ന്‍ തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലും ആക്രമണം നടത്തിയതായി സെലെന്‍സ്‌കി പറഞ്ഞു. ഒരു പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചു. ഡിനിപ്രോ, കിറോവോഹ്രാഡ്, മൈക്കോ ലൈവ്, ഒഡെസ, പോള്‍ട്ടാവ, സുമി മേഖലകളും ആക്രമണനീക്കമുണ്ടായി. റഷ്യ തൊടുത്ത 297 ഡ്രോണുകളില്‍ 274 എണ്ണവും 50 മിസൈലുകളില്‍ 43 എണ്ണവും വിജയകരമായി തടഞ്ഞതായും യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇക്കഴിഞ്ഞ ശനിയാഴ്ച ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ യുക്രെയ്നും റഷ്യയും അടുത്ത മൂന്ന് ആഴ്ചകൾക്കുള്ളിൽ പുതിയൊരു സമാധാന ചർച്ച നടത്തിയേക്കാം എന്ന് പറഞ്ഞതിനു പിന്നാലെയാണ് നാലു വർഷം തികയുന്നതിനു തലേ രാത്രിയിലെ ഈ കടുത്ത ആക്രമണങ്ങൾ റഷ്യ അഴിച്ചു വിട്ടത്.
വീണ്ടും യുഎസിന്‍റെയും റഷ്യയുടെയും ഇരയാകുന്ന യുക്രെയ്നെയാണ് നമുക്കു കാണാനാകുക. ആദ്യമൊക്കെ പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുക്രെയ്ൻ ഇപ്പോൾ റഷ്യയ്ക്കെതിരെ കടന്നാക്രമണവും നടത്തുന്നുണ്ട്. പത്തു ദിവസം കൊണ്ട് യുക്രെയ്നെ കീഴടക്കാൻ വന്ന റഷ്യയ്ക്ക് 1460 ദിവസമായിട്ടും കാര്യമായൊന്നും നേടാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ.