

മഹ്‌മൂദ് അബ്ബാസ്
വാഷിങ്ടണ്‍: പലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്‌മൂദ് അബ്ബാസിനും മറ്റ് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക വീണ്ടും വിസ നിഷേധിച്ചു. ഇതോടെ ന്യൂയോര്‍ക്കില്‍ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിന് പങ്കെടുക്കാന്‍ മഹ്‌മൂദ് അബ്ബാസിന് സാധിക്കില്ല.
ഐക്യരാഷ്‌ട്രസഭയില്‍ 'അംഗമല്ലാത്ത നിരീക്ഷക രാഷ്‌ട്രം' എന്ന പദവിയാണ് പലസ്തീനുള്ളത്. ഈ പദവി പലസ്തീന്‍ പ്രതിനിധികള്‍ക്ക് പൊതുസഭയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാനും നേതാവിന് സഭയെ അഭിസംബോധന ചെയ്യാനും അവസരം നല്‍കുന്നുണ്ടെങ്കിലും, പ്രമേയങ്ങളുടെ കാര്യത്തില്‍ വോട്ടവകാശം അവര്‍ക്കില്ല.
കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം കൈക്കൊണ്ടൊരു തീരുമാനത്തെ തുടര്‍ന്നു പതിവായി ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ പങ്കെടുക്കാറുള്ള അബ്ബാസിനെ ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് തടഞ്ഞിരുന്നു. തുടര്‍ന്നു വിഡിയൊ സന്ദേശത്തിലൂടെയാണ് അദ്ദേഹം സഭയെ അഭിസംബോധന ചെയ്തത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അബ്ബാസിന്‍റെ പേര് നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ) അംഗങ്ങള്‍ക്കും പലസ്തീന്‍ അതോറിറ്റി (പിഎ) ഉദ്യോഗസ്ഥര്‍ക്കും വിസ നിഷേധിക്കുമെന്ന് വ്യക്തമാക്കി.
സമാധാനത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു കാരണമാണ് ഈ തീരുമാനമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് അറിയിച്ചത്.
അമെരിക്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് പലസ്തീന്‍ അതോറിറ്റി രംഗത്തുവന്നു. വിസ നിഷേധിച്ചത് 'അന്യായമായ നടപടി' എന്നാണ് വിശേഷിപ്പിച്ചത്. വിശ്വാസം വീണ്ടെടുക്കാനും, പലസ്തീന്‍-അമെരിക്ക ബന്ധം മെച്ചപ്പെടുത്താനും, 'ടു-സ്റ്റേറ്റ്' (രണ്ട് രാഷ്‌ട്ര) പരിഹാരം നടപ്പിലാക്കുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാനുമുള്ള ശ്രമങ്ങള്‍ക്ക് ഈ നടപടി തടസമാണെന്നു പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.