

ഇറാൻ സൈനികമേധാവി മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടു: ഇസ്രയേൽ
file photo
ടെൽ അവീവ്: ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടതായി ഇസ്രയേൽ. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ 260 ദിവസമാണ് ഐആർജിസി കമാൻഡറായിരുന്നത്. മുൻ കമാൻഡർ ഹുസൈൻ സലാമിയുടെ വധത്തെ തുടർന്നാണ് പാക്പൂർ ഈ സ്ഥാനത്തേയ്ക്ക് അവരോധിതനായത്. ഇസ്രയേലിനും യുഎസിനും എന്തെങ്കിലും തെറ്റായ കണക്കുകൂട്ടലുകൾ ഉണ്ടെങ്കിൽ അത് ഒഴിവാക്കണമെന്ന് ജനുവരിയിൽ മുഹമ്മദ് പാക്പൂർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക് എക്കാലത്തെയും കൂടുതൽ സജ്ജമായി നിൽക്കുന്നതായും അന്ന് പാക്പൂർ പറഞ്ഞിരുന്നു.
ഇറാനിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെയ്നിയെയും പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനെയും ലക്ഷ്യമിട്ടതായി ഒരു മുതിർന്ന ഇസ്രയേലി ഉദ്യോഗസ്ഥൻ ഫോക്സ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഇറാനിയൻ പ്രക്ഷോഭകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായവരെ ഇല്ലാതാക്കുന്നതിനാണ് സൈനിക നടപടികളെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഖമെയ്നിയുടെ കൊട്ടാരം പൂർണമായി തകർന്നതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഖമെയ്നി അവിടെയുണ്ടായിരുന്നോ എന്നത് വ്യക്തമല്ലെന്നു റിപ്പോർട്ടുണ്ട്. ആക്രമണങ്ങളിൽ ഇറാനിലെ എല്ലാ പ്രധാന നേതാക്കളെയും ലക്ഷ്യമിട്ടതായും റിപ്പോർട്ട് പറയുന്നു.