

ഇറാൻ ഭരണ വിരുദ്ധ പ്രതിഷേധം: ഇതുവരെ കൊല്ലപ്പെട്ടത് 538 പേർ
social media
ലണ്ടൻ: ഇറാനിൽ സാമ്പത്തിക പ്രതിസന്ധി ഉൾപ്പടെ രൂക്ഷമായതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട ഭരണകൂട വിരുദ്ധ പ്രതിഷേധത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 538 പേർ. ഇതിൽ 490 പ്രതിഷേധക്കാരും 48 സുരക്ഷാസേനാംഗങ്ങളും ഉൾപ്പെടുന്നു. അമെരിക്ക ആസ്ഥാനമാക്കിയുള്ള ഹ്യൂമൻ റൈറ്റ്സ് ആക്റ്റിവിസ്റ്റ്സ് ന്യൂസ് ഏജൻസിയാണ് ഈ കണക്ക് പുറത്തു വിട്ടത്.
ഏറ്റവും കുറഞ്ഞത് 10,600 പ്രതിഷേധക്കാരെ ഇതു വരെ അറസ്റ്റ് ചെയ്തു. ഇതിനിടെ ഇറാനെതിരെ രൂക്ഷമായ പ്രതികരണവുമായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇറാൻ എല്ലാ പരിധിയും ലംഘിച്ചതായും യുഎസ് സൈന്യത്തിന് ഇക്കാര്യത്തിൽ ശക്തമായ മാർഗങ്ങളുണ്ടെന്നും ട്രംപ് പ്രതികരിച്ചു. വേണ്ടി വന്നാൽ ഞങ്ങൾ ഒരു തീരുമാനം എടുക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ബലപ്രയോഗം നടത്തരുതെന്ന് ട്രംപ് വീണ്ടും ഇറാന് മുന്നറിയിപ്പു നൽകി.
ഇതിനിടെ ഇറാനിൽ പ്രതിഷേധം കൂടുതൽ ശക്തമായി. ശനിയാഴ്ച രാത്രി ടെഹ്റാനിലെ പുനാക് സ്ക്വയറിൽ ആയിരങ്ങൾ പ്രതിഷേധിക്കുന്ന വീഡിയോകൾ പുറത്തു വന്നു. പ്രതിഷേധക്കാരുടെ മരണസംഖ്യ സംബന്ധിച്ച റിപ്പോർട്ടുകൾ ഒന്നും സർക്കാർ പുറത്തു വിട്ടിട്ടില്ല.