സമാനതകളില്ലാത്ത ദുരിതപർവം പേറി ഇറാൻ

മരണം 1900 ആയി, ലക്ഷങ്ങൾ പലായനത്തിലേയ്ക്ക്
Iran suffers unprecedented hardship

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ തകർന്ന ഇറാനിലെ കെട്ടിട സമുച്ചയം

Updated on

ടെഹ്റാൻ/ജനീവ: ഇറാനിൽ അമെരിക്ക-ഇസ്രയേൽ സംയുക്ത സൈനിക നീക്കം ആരംഭിച്ച് നാലാഴ്ച പിന്നിടുമ്പോൾ രാജ്യം സമാനതകളില്ലാത്ത മാനുഷിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുദ്ധം തുടങ്ങിത് മുതൽ ഇതുവരെ കുറഞ്ഞത് 1900 പേർ കൊല്ലപ്പെടുകയും 20,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ്ക്രസന്‍റ് അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ വാർത്താ സമ്മേളനത്തിൽ റെഡ് ക്രസന്‍റ് പ്രതിനിധി മരിയ മാർട്ടിനെസാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കു വച്ചത്.

ഒൻപത് ദശലക്ഷത്തോളം ജനങ്ങൾ വസിക്കുന്ന തലസ്ഥാന നഗരമായ ടെഹ്റാൻ ഇപ്പോൾ ഏതാണ്ട് വിജനമായ അവസ്ഥയിലാണെന്ന് മാർട്ടിനെസ് പറഞ്ഞു. വ്യോമാക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ സ്വന്തം കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തേണ്ടി വരുന്ന രക്ഷാപ്രവർത്തകരുടെ ദയനീയാവസ്ഥ അവർ വിവരിച്ചു. സാധാരണക്കാരുടെ താമസസ്ഥലങ്ങൾക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളും വലിയ തോതിൽ തകർക്കപ്പെട്ടിട്ടുണ്ട്.

ഏകദേശം 289 മെഡിക്കൽ സെന്‍ററുകളും 600 സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആക്രമണങ്ങളിൽ തകർന്നു. റെഡ് ക്രസന്‍റിന്‍റെ തന്നെ 17 കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുകയും നൂറോളം ആംബുലൻസുകൾ നശിപ്പിക്കപ്പെടുകയും ചെയ്തു. യുദ്ധത്തിനു മുൻപ് തന്നെ ഇറാനിൽ നിലനിന്നിരുന്ന പണപ്പെരുപ്പം ഇപ്പോൾ നിയന്ത്രണാതീതമായി ഉയർന്നിരിക്കുകയാണ്. ഇത് ഭക്ഷണമടക്കമുള്ള അത്യാവശ്യ സാധനങ്ങളുടെ ലഭ്യതയെ ബാധിച്ചു.

ദക്ഷിണ ഇറാനിലെ പല നഗരങ്ങളിലും കുടിവെള്ളവും വൈദ്യുതിയും പൂർണമായും നിലച്ച അവസ്ഥയിലാണ്. ഇതിനു പുറമേ രാജ്യവ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്ന ഇന്‍റർനെറ്റ് നിരോധനം വാർത്താവിനിമയത്തെയും ബാധിച്ചിട്ടുണ്ട്. യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങളിൽ മാത്രമാണ് ഇറാൻ ഭരണകൂടം ഔദ്യോഗികമായി മരണസംഖ്യ പുറത്തു വിട്ടത്. അതിനുശേഷം റെഡ് ക്രസന്‍റ് പോലുള്ള സംഘടനകളാണ് വിവരങ്ങൾ ശേഖരിച്ചു വരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com