

വെനിസ്വേലയിൽ നിന്നും ഇന്ത്യയിലേയ്ക്ക് അസംസ്കൃത എണ്ണയുടെ കുത്തൊഴുക്ക്
file photo
വാഷിങ്ടൺ: വെനിസ്വേലൻ ഭരണാധികാരി നിക്കൊളാസ് മഡുറോയെ പുറത്താക്കുകയും വെനിസ്വേലയിൽ അമെരിക്ക ആധിപത്യം സ്ഥാപിക്കുകയും ചെയ്തതോടെ അസംസ്കൃത എണ്ണ വൻ തോതിൽ ഇന്ത്യയിലേയ്ക്ക് എത്തുന്നു. 20 ലക്ഷം ബാരൽ വരെ എണ്ണ സംഭരിക്കാൻ ശേഷിയുള്ള കൂറ്റൻ ടാങ്കറുകളാണ് അസംസ്കൃത എണ്ണയുമായി ഇന്ത്യൻ തീരങ്ങളിലേയ്ക്ക് തിരിക്കുന്നത്. അമെരിക്ക വെനിസ്വേലയിൽ ആധിപത്യം സ്ഥാപിച്ചതിനു പിന്നാലെ രാജ്യത്തിനു മേൽ ഉണ്ടായിരുന്ന ഉപരോധങ്ങളിൽ ഇളവ് ലഭിച്ചതോടെയാണ് വെനിസ്വേലയുടെ എണ്ണ വിപണി സജീവമായത്.
വിറ്റോൾ, ട്രാഫിഗുറ തുടങ്ങിയ വൻകിട ട്രേഡിങ് കമ്പനികൾ നിസ്സോസ് കിയ, നിസ്സോസ് കിത്നോസ്, അർസാന എന്നീ ഭീമൻ ടാങ്കറുകൾ വെനിസ്വേലയിലെ ജോസ് ടെർമിനലിൽ നിന്ന് എണ്ണ എത്തിക്കുന്നതിനായി വാടകയ്ക്കെടുത്തു കഴിഞ്ഞു. ഇവയെല്ലാം ഇന്ത്യയിലേയ്ക്കാണ് വരുന്നത്. ഈ ടാങ്കറുകൾ എത്തുന്നതോടെ അടുത്ത മാസമാകുമ്പോഴേയ്ക്കും വെനിസ്വേലിയൻ എണ്ണയുടെ വരവ് ഇന്ത്യയിൽ സജീവമാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വെനിസ്വേലയിൽ നിന്ന് ഇന്ത്യൻ കമ്പനികളും അസംസ്കൃത എണ്ണ ശേഖരിച്ചു തുടങ്ങി.
2019ൽ അമെരിക്ക ഉപരോധം ഏർപ്പെടുത്തുന്നതിനു മുമ്പ് വെനിസ്വേലിയൻ ക്രൂഡ് ഓയിലിന്‍റെ ലോകത്തിലെ മൂന്നാമത്തെ വലിയ ഉപഭോക്താവായിരുന്നു ഇന്ത്യ. ഇപ്പോൾ ഉപരോധങ്ങളിൽ ഇളവ് വന്നതോടെ റിലയൻസ് ഇൻഡസ്ട്രീസ് ഉൾപ്പടെയുള്ള കമ്പനികൾ വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.
ആറു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് റിലയൻസ് വെനിസ്വേലയിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്നത്. റിലയൻസിനു പുറമേ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, എച്ച് പിസിഎൽ മിത്തൽ എനർജി എന്നീ കമ്പനികളും വെനിസ്വേലിയൻ എണ്ണ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്.