2025, which undermined global security

ആഗോള സുരക്ഷയെ വെട്ടിലാക്കിയ 2025

file photo 

ആഗോള സുരക്ഷയെ വെട്ടിലാക്കിയ 2025

ആണവ വ്യാപനം, ബഹിരാകാശ സുരക്ഷ, ഹൈബ്രിഡ് യുദ്ധം എന്നിവയാൽ ഭയാനകമായ സംഭവ വികാസങ്ങളാണ് ആഗോള തലത്തിൽ 2025 ലോകത്തിനു നൽകിയത്.
Published on

റീന വർഗീസ് കണ്ണിമല

അന്താരാഷ്ട്ര സുരക്ഷ ഏറ്റവും വഷളായ വർഷങ്ങളിൽ ഒന്നായാണ് നിരീക്ഷകർ 2025നെ വിലയിരുത്തുന്നത്. അതിന് അവർക്ക് നിരവധി കാരണങ്ങളുമുണ്ട്. 2025 നെ വഷളായ വർഷം എന്നു വിലയിരുത്തിയ കാരണങ്ങളിലേയ്ക്ക് നമുക്കും ഒന്ന് ഊളിയിട്ടിറങ്ങാം. മുൻ വർഷങ്ങളിലേതിനെക്കാൾ ആണവ വ്യാപനം, ബഹിരാകാശ സുരക്ഷ, ഹൈബ്രിഡ് യുദ്ധം എന്നിവയാൽ ഭയാനകമായ സംഭവ വികാസങ്ങളാണ് ആഗോള തലത്തിൽ 2025 ലോകത്തിനു നൽകിയത്. ഇതിന്‍റെ തുടർച്ചയെന്നോണം 2026ൽ നിർണായക പരീക്ഷണങ്ങളാണ് വരാൻ പോകുന്നത്.

ഗാസ യുദ്ധത്തിൽ വെടിനിർത്തൽ കൈവരിച്ചു എന്നതൊഴിച്ചാൽ മറ്റ് ആശ്വാസങ്ങളൊന്നും തന്നെ ഈ വർഷം ലോകത്തിനു നൽകിയിട്ടില്ല. ഇസ്രയേലും ഹമാസും പരസ്പരം വെടിനിർത്തൽ ലംഘിച്ചതായി ആരോപണമുണ്ടെങ്കിലും ഗാസ വെടി നിർത്തൽ ഏകദേശം ആശ്വാസകരമാണ് എന്നും വിദഗ്ധർ വിലയിരുത്തുന്നു. യുക്രെയ്ൻ മുതൽ സുഡാൻ വരെയുള്ള മറ്റിടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന സംഘർഷങ്ങൾ കൂടുതൽ അപരിഹാര്യങ്ങളായി മാറുന്നതായാണ് കണ്ടു വരുന്നത്. വെനിസ്വേല മുതൽ ഇന്ത്യ-പാക് അതിർത്തി വരെയും അക്രമ ഭീഷണികൾ വർധിച്ച വർഷം കൂടിയാണിത്.

വർധിച്ചു വരുന്ന ഈ ഭീഷണികൾക്ക് മറുപടിയായി ശീതയുദ്ധത്തിനു ശേഷം നാളിതു വരെ കണ്ടിട്ടില്ലാത്ത തലങ്ങളിൽ ലോകമെമ്പാടും സർക്കാരുകൾ പ്രതിരോധത്തിനായി ചെലവഴിക്കുന്നതാണ് 2025ൽ കാണാനായത്. പല പാശ്ചാത്യ രാജ്യങ്ങളും അന്താരാഷ്ട്ര സഹായ ചെലവുകൾ വെട്ടിക്കുറച്ചു. സംഘർഷ ബാധിത രാജ്യങ്ങളിലെ സ്ഥിതി വഷളാകുകയും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ തരം താഴ്ത്തുകയും ചെയ്തു. 2025ലെ അരക്ഷിതാവസ്ഥാ വർധനവിൽ നാലു പ്രത്യേക പ്രവണതകളാണ് മുന്നിട്ടു നിൽക്കുന്നത്. അതിങ്ങനെ :

ആണവ ഏറ്റുമുട്ടലുകളും ആണവ ശക്തികളും

2025 ൽ ആണവായുധ നിയന്ത്രണം ചുരുളഴിയുന്നതാണ് ലോകം കണ്ടത്. പ്രധാന ശക്തികളുടെ വിപുലമായ ആണവ, പരമ്പരാഗത മിസൈൽ പരീക്ഷണങ്ങൾ ഗുരുതരമായ വർധനവ് ആശങ്കകൾ സൃഷ്ടിച്ചു. ചൈനയും ഇന്ത്യയും ആയുധ ശേഖരം വർധിപ്പിച്ചു.

operation sindhoor

ഓപ്പറേഷൻ സിന്ദൂർ 

file photo 

2025 മെയ് മാസത്തിൽ ഇന്ത്യയുംപാക്കിസ്ഥാനും തമ്മിലുണ്ടായ നാലു ദിവസത്തെ തുറന്ന സംഘട്ടനം രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള തുറന്ന യുദ്ധമായി മാറി. ഇന്ത്യ-റഷ്യ സഹകരണത്തോടെ സൃഷ്ടിച്ച ബ്രഹ്മോസ് പോലുള്ള മിസൈലുകളിലൂടെ ഇന്ത്യ പ്രതിരോധ മേഖലയിൽ മുമ്പെങ്ങുമില്ലാത്ത പുരോഗതിയിലേയ്ക്കു കുതിച്ചുയർന്നു. ചരിത്രത്തിലാദ്യമായി പാക്കിസ്ഥാന്‍റെ ആണവ കേന്ദ്രങ്ങൾക്കു മേൽ ഇന്ത്യ കടന്നാക്രമണം നടത്തിയതും ആഗോള തലത്തിൽ ഇന്ത്യയുടെ ജനകീയത വർധിച്ചതും 2025ലാണ് .

2025 ഫെബ്രുവരിയിൽ യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ മ്യൂണിക് സുരക്ഷാ സമ്മേളന പ്രസംഗത്തിൽ പുതിയ ട്രംപ് ഭരണകൂടം യൂറോപ്യൻ പ്രതിരോധത്തോടുള്ള പ്രതിബദ്ധത കുറയ്ക്കുന്നത് സൂചിപ്പിച്ചു. കൂടാതെ അദ്ദേഹം നാറ്റോയുടെ ആർട്ടിക്കിൾ 5 ആയ പരസ്പര പ്രതിരോധ ഗ്യാരണ്ടിയുടെ വിശ്വാസ്യതയെ കുറിച്ചു ചോദ്യം ചെയ്യുകയും ചെയ്തു. യുക്രെയ്നുമായി ബന്ധപ്പെട്ട മുൻ റഷ്യൻ ആണവ ഭീഷണികളുടെ വെളിച്ചത്തിൽ ഇത് നിർണായകമായ ചോദ്യമാണ്.

ജൂണിലാകട്ടെ ഇറാന്‍റെ ആണവ കേന്ദ്രങ്ങൾക്കു നേരെ യുഎസ്-ഇസ്രേയൽ സേനകൾ നടത്തിയ ആക്രമണങ്ങളെ തുടർന്ന് രാജ്യത്ത് ചില ഐഎഇഎ പരിശോധനകൾ താൽക്കാലികമായി നിർത്തി വച്ചു. ഇത് ഇറാന്‍റെ ആണവ പദ്ധതിയുടെ സ്ഥിതി അനിശ്ചിതത്വത്തിലാക്കി. മിഡിൽ ഈസ്റ്റിലെ സുരക്ഷാ ആശങ്കകൾ വർധിക്കുന്നതിന് ഇത് കാരണമായി. ആണവായുധ രാജ്യമായ പാക്കിസ്ഥാനുമായി സെപ്റ്റംബറിൽ പരസ്പര പ്രതിരോധ കരാറിൽ ഒപ്പു വയ്ക്കാൻ സൗദി അറേബ്യ തീരുമാനിച്ചതിനു പിന്നിലും ഇത് കാരണമായിരിക്കാം.

ഒക്റ്റോബറിൽ ആണവ ശക്തിയുള്ള ഒരു ക്രൂയിസ് മിസൈൽ പരീക്ഷിച്ചതായി റഷ്യ അവകാശപ്പെട്ടിരുന്നു. അതേ മാസം തന്നെ യുഎസും റഷ്യയും ആണവായുധ പരീക്ഷണം പുതുക്കാനുള്ള സാധ്യത ചർച്ച ചെയ്തിരുന്നു. ചരിത്രത്തിലാദ്യമായി അമെരിക്ക ദക്ഷിണ കൊറിയയുടെ ആണവശക്തിയുള്ള അന്തർവാഹിനികളെ അംഗീകരിച്ചു. ഇത് പ്രാദേശിക ആണവ വ്യാപനത്തെ കുറിച്ചുള്ള ഭയം ഉയർത്താൻ കാരണമായി. ഇതോടെ ഉത്തര കൊറിയയ്ക്ക് ന്യൂക്ലിയർ ഡൊമിനോ പ്രഭാവം ഉണ്ടാകുമെന്ന മുന്നറിയിപ്പു നൽകാനും അത് കാരണമായി.

logo
Metro Vaartha
www.metrovaartha.com