

ഗീതാ ഗോപിനാഥ്
social media
ദാവോസ്: രാജ്യാന്തര തലത്തിൽ ഉള്ള താരിഫ് ഭീഷണിയെക്കാൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തെ വർധിച്ചു വരുന്ന മലിനീകരണമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധയും ഹാർവാർഡ് സർവകലാശാല പ്രൊഫസറുമായ ഗീതാ ഗോപിനാഥ്. സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംഘടിപ്പിച്ച സെഷനിൽ പ്രസംഗിക്കുകയായിരുന്നു അവർ.
ഇന്ത്യ നേരിടുന്ന വലിയൊരു വെല്ലുവിളിയാണ് മലിനീകരണം. ഇതു വരെ ചുമത്തപ്പെട്ട ഏതൊരു താരിഫിനെക്കാളും മാരകമായ ആഘാതമാണ് മലിനീകരണം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടാക്കുന്നതെന്ന് അവർ പറഞ്ഞു. ഇന്ത്യയിൽ പുതിയ ബിസിനസ് സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും വ്യാപാരം, താരിഫുകൾ, നിയന്ത്രണങ്ങൾ എന്നിവയ്ക്കാണ് പ്രാധാന്യം ലഭിക്കാറുള്ളതെന്നും എന്നാൽ മലിനീകരണം സംബന്ധിച്ചുള്ള കാര്യങ്ങളിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്നും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടി.
മലിനീകരണം തൊഴിലാളികളുടെ ഉൽപാദനക്ഷമതയെയും ആരോഗ്യ പരിരക്ഷാ ചെലവുകളെയും രാജ്യത്തിന്‍റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു. ഇത് വളർച്ചയെ പിന്നോട്ടടിക്കുന്ന ഒരു നിശബ്ദ ഭീഷണിയാണെന്നും അവർ വിശദീകരിച്ചു. ഇന്ത്യയിൽ ഓരോ വർഷവും മലനീകരണം മൂലം 17 ലക്ഷം ആളുകൾ മരണപ്പെടുന്നുണ്ടെന്നാണ് 2022ലെ ലോകബാങ്ക് പഠനം വ്യക്തമാക്കുന്നതെന്നും അവർ പറഞ്ഞു.
ഇത് രാജ്യത്തെ ആകെ മരണങ്ങളുടെ 18 ശതമാനത്തോളം വരും. മലിനീകരണം ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമല്ലെന്നും ഇത് ആഗോള നിക്ഷേപകരെയും ആശങ്കയിലാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മലിനീകരണം തടയുന്നത് ഒരു ദേശീയ മുൻഗണനയായി മാറണമെന്ന് ഗീതാ ഗോപിനാഥ് ആവശ്യപ്പെട്ടു.