യുഎസിൽ ജൂലൈയിൽ മാത്രമുണ്ടായത് 23,000 തൊഴിൽ നഷ്ടം!

ജൂണിൽ 57,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തതിന് പിന്നാലെയാണ് ജൂലൈയിലെ തിരിച്ചടി
There were 23,000 job losses in the US in July alone!

യുഎസിൽ ജൂലൈയിൽ മാത്രമുണ്ടായത് 23,000 തൊഴിൽ നഷ്ടം!

Updated on

വാഷിങ്ടൺ: അമെരിക്കയിൽ ജൂലൈ മാസത്തിൽ അപ്രതീക്ഷിതമായി 23,000 തൊഴിൽ നഷ്ടമുണ്ടായതായി ഫെഡറൽ സർക്കാരിന്‍റെ പ്രതിമാസ തൊഴിൽ റിപ്പോർട്ട്. ജൂണിൽ 57,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തതിന് പിന്നാലെയാണ് ജൂലൈയിലെ തിരിച്ചടി. 2026ന്‍റെ ആദ്യ പകുതിയിൽ യുഎസിലെ തൊഴിൽ മേഖല പൊതുവെ ശക്തമായ നിലയിൽ ആയിരുന്നു. ഈ കാലയളവിൽ പ്രതിമാസം ശരാശരി 92,000 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തിരുന്നു. 2025ന്‍റെ രണ്ടാം പകുതിയിൽ പ്രതിമാസം ശരാശരി 7000 തൊഴിലുകൾ നഷ്ടപ്പെട്ട സാഹചര്യത്തെ അപേക്ഷിച്ച് ഇത് വലിയ പുരോഗതിയായിരുന്നു. എന്നാൽ ജൂലൈയിലെ തൊഴിൽ നഷ്ടം യുഎസ് തൊഴിൽ വിപണിയിലെ സ്ഥിരത സംബന്ധിച്ച് പുതിയ ആശങ്കകൾക്ക് ഇടയാക്കി.

ഇറാൻ യുദ്ധത്തെ തുടർന്ന് ഇന്ധന വില കുതിച്ചുയർന്നതും വിവിധ ഉൽപന്നങ്ങളുടെ വിതരണച്ചെലവ് വർധിച്ചതും യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. യുദ്ധത്തെ തുടർന്ന് മേയിൽ പണപ്പെരുപ്പം മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു. ജൂണിൽ സമാധാനക്കരാറിലേയ്ക്ക് എന്ന പ്രചരണത്തിനു പിന്നാലെ നേരിയ ആശ്വാസം ലഭിച്ചെങ്കിലും അടുത്തിടെയുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു.

ജൂലൈയിലെ ദുർബലമായ തൊഴിൽ കണക്ക് സെപ്റ്റംബറിൽ പലിശനിരക്ക് ഉയർത്താനുള്ള ഫെഡറൽ റിസർവിന്‍റെ തീരുമാനത്തെ കൂടുതൽ സങ്കീർണമാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞയാഴ്ച നടന്ന യോഗത്തിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് 3.5 മുതൽ 3.75 ശതമാനം വരെ നിലവിലെ നിലയിൽ തുടരാൻ തീരുമാനിച്ചിരുന്നു. എന്നാൽ 12 അംഗ നയനിർണയ സമിതിയിലെ മൂന്നു പേർ പലിശ നിരക്ക് ഉയർത്തുന്നതിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 2016 നു ശേഷം ഒരേ ദിശയിൽ ഇത്രയും അംഗങ്ങൾ വോട്ടു ചെയ്യുന്ന ആദ്യ സംഭവമാണിത്. പണപ്പെരുപ്പം നിയന്ത്രിച്ച് വിലസ്ഥിരത ഉറപ്പാക്കുന്നതില്‍ ഫെഡറല്‍ റിസര്‍വ് ഉറച്ചുനില്‍ക്കുമെന്ന് ഫെഡ് ചെയര്‍ കെവിന്‍ വാര്‍ഷ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com