ബ്രിട്ടനിലെ യുഎസ് വിമാനത്താവളത്തിനു മുകളിൽ സംശയാസ്പദ ഡ്രോണുകൾ

‘ലിബര്‍ട്ടി വിങ്’ എന്നറിയപ്പെടുന്ന ഈ വിഭാഗത്തില്‍ ഏകദേശം 7,000 സൈനികരുണ്ട്
Suspicious drones over US airport in Britain

ബ്രിട്ടനിലെ യുഎസ് വിമാനത്താവളത്തിനു മുകളിൽ സംശയാസ്പദ ഡ്രോണുകൾ

Updated on: 

ലണ്ടൻ: ബ്രിട്ടനിലെ സഫോക്ക് കൗണ്ടിയിലുള്ള റോയൽ എയർഫോഴ്സ് ലേക്കൻഹീത്ത് വ്യോമതാവളത്തിനു മുകളിൽ സംശയാസ്പദമായ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമെരിക്കൻ വ്യോമസേന സുരക്ഷാ നടപടികൾ സ്വീകരിച്ചു. വെള്ളിയാഴ്ച വൈകിട്ടാണ് അനുമതിയില്ലാത്ത ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് യുഎസ് എയര്‍ഫോഴ്‌സ് വക്താവ് വ്യക്തമാക്കി.

വ്യോമതാവളത്തില്‍ അപായ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമീപ ഗ്രാമത്തിലെ താമസക്കാരും സൈറണ്‍ ശബ്ദം കേട്ടതായി അറിയിച്ചതോടെയാണ് സംഭവം പ്രുറത്തറിഞ്ഞത്. സംഭവത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തിവരികയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ വക്താവ് ബിബിസിയോട് പറഞ്ഞു. യുഎസ് വ്യോമസേനയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഇടപെട്ടതായും പിന്നീട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് വ്യോമതാവള അധികൃതരുമായി ബന്ധപ്പെട്ടിരുന്നതായി വെസ്റ്റ് സഫോക്ക് എംപി നിക്ക് തിമോത്തി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് നിലവില്‍ ഭീഷണിയില്ലെന്നും സംഭവം പരിഹരിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അസാധാരണമോ സംശയാസ്പദമോ ആയ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

യുഎസ് വ്യോമസേനയുടെ 48-ാമത് ഫൈറ്റര്‍ വിങ് പ്രവര്‍ത്തിക്കുന്ന പ്രധാന താവളമാണ് ആർ എഎഎഫ് ലേക്കന്‍ഹീത്ത്. ‘ലിബര്‍ട്ടി വിങ്’ എന്നറിയപ്പെടുന്ന ഈ വിഭാഗത്തില്‍ ഏകദേശം 7,000 സൈനികരുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ അമേരിക്കന്‍ യുദ്ധവിമാന പ്രവര്‍ത്തന കേന്ദ്രമാണിതെന്നും നാല് യുദ്ധസജ്ജമായ ഫൈറ്റര്‍ സ്‌ക്വാഡ്രണുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.