

ഇറാനെതിരേയുള്ള യുദ്ധത്തിൽ അമെരിക്കയ്ക്കൊപ്പം പങ്കുചേരും: ക്യാനഡ
file photo
ഒട്ടാവ: ഇറാനെതിരേയുള്ള യുദ്ധത്തിൽ അമെരിക്കയ്ക്കൊപ്പം പങ്കു ചേരുമെന്നുള്ള സൂചനകൾ നൽകി ക്യാനഡ. ക്യാനഡയും അമെരിക്കയും തമ്മിൽ നിലവിൽ ഊഷ്മളമായ ബന്ധമല്ല ഉള്ളത്. എങ്കിലും ഇരു രാജ്യങ്ങളും നാറ്റോ അംഗരാജ്യങ്ങളാണ്. ഈ സാഹചര്യത്തിലാണ് അമെരിക്കയ്ക്കൊപ്പം യുദ്ധത്തിൽ പങ്കാളികളാവുന്നതിനെ കുറിച്ച് ഉള്ള സൂചനകളുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്തെത്തിയത്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസിനൊപ്പം കാൻബറയിൽ നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. തങ്ങളുടെ സഖ്യ കക്ഷികൾക്കൊപ്പം ക്യാനഡ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ ആക്രമണത്തെ കുറിച്ച് അമെരിക്കയോ ഇസ്രയേലോ തങ്ങളെ അറിയിച്ചിട്ടില്ലെന്നും യുദ്ധത്തിൽ പങ്കു ചേരണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഇറാനെതിരേയുള്ള വ്യോമാക്രമണങ്ങളെ താൻ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഈ സൈനിക നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് കാർണി അഭിപ്രായപ്പെട്ടു.
ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ 15 വർഷമായി ക്യാനഡയ്ക്ക് ഇറാനുമായി നയതന്ത്ര ബന്ധമില്ല. കഴിഞ്ഞ വർഷം ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ ക്യാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.