

ഇറാനിൽ യുഎസ് വ്യോമാക്രമണം
വാഷിങ്ടൺ: മാസങ്ങളായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷം വീണ്ടും കടുക്കുന്നു. ഇറാനു നേരെ അമെരിക്കയുടെ വ്യോമാക്രമണം ഉണ്ടായി. യുഎസ് യുദ്ധക്കപ്പലുകൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു പ്രത്യാക്രമണമായാണ് ഇറാനിൽ വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഹോർമൂസ് കടലിടുക്കിലൂടെ ഗൾഫ് ഒഫ് ഒമാനിലേയ്ക്കു നീങ്ങിയ യുഎസ് കപ്പലിന് നേരെ യാതൊരു കാരണവുമില്ലാതെ നടത്തിയ ആക്രമണത്തിനു മറുപടിയായാണ് തിരിച്ചടി നൽകിയതെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു. സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് യുഎസ് എസ് ട്രക്സൺ, യുഎസ്എസ് റാഫേൽ പെർ ആൾട്ട, യുഎസ്എസ് മസൂൺ എന്നീ യുദ്ധക്കപ്പലുകൾ ഹോർമൂസ് കടലിടുക്കിലൂടെ കടന്നു പോകുന്നതിനിടെ ഇറാൻ മിസൈലുകളും ബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി.
ഇതേത്തുടർന്നാണ് അമെരിക്ക ഇറാനിലെ മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, രഹസ്യാന്വേഷണ നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഐആർജിസി യുഎസിന്‍റെ ആരോപണങ്ങൾ തള്ളി. ഹോർമൂസ് കടലിടുക്കിലേയ്ക്ക് നീങ്ങിയിരുന്ന് ഇറാനിയൻ എണ്ണക്കപ്പലിനും ഇറാൻ തീരദേശങ്ങളിലെ സാധാരണ ജനവാസ മേഖലകൾക്കും നേരെയുണ്ടായ അമെരിക്കൻ ആക്രമണങ്ങൾക്ക് മറുപടിയായാണ് യുഎസിന്‍റെ യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടതെന്ന ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിൽ അമെരിക്കൻ കപ്പലുകൾക്ക് ഗുരുതര നാശനഷ്ടം സംഭവിച്ചുവെന്നും അവർ അവകാശപ്പെട്ടു.
സംഭവത്തിനു പിന്നാലെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞത് അമെരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പുതിയ ആക്രമണങ്ങൾ ലവ് ടാപ്പ് ആണന്നും ആണ്. ഇറാൻ ഉടൻ കരാറിൽ ഒപ്പു വച്ച് ചർച്ചകൾ പുനരാരംഭിക്കാത്ത പക്ഷം കൂടുതൽ ശക്തമായ ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച അമെരിക്കൻ യുദ്ധക്കപ്പലുകൾ ആക്രമണങ്ങൾക്ക് ഇടയിലും സുരക്ഷിതമായി കടന്നു പോയതായി അദ്ദേഹം പറഞ്ഞു. ഇറാൻ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചെങ്കിലും അവയെല്ലാം അമെരിക്ക തകർത്തതായും യുദ്ധക്കപ്പലുകൾക്ക് യാതൊരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും ട്രംപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.