
കൊല്ലപ്പെട്ട ചാർലി കിർക്കിന് അമെരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതി പ്രഖ്യാപിച്ച് ട്രംപ്
getty images
വാഷിങ്ടൺ: സെപ്റ്റംബർ 10ന് യൂട്ടായിൽ ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ വെടി വയ്പിൽ കൊല്ലപ്പെട്ട വലതുപക്ഷ ആക്റ്റിവിസ്റ്റും യുവജനങ്ങൾക്കിടെ വലിയ തോതിൽ സ്വാധീന ശക്തിയുള്ള ക്രൈസ്തവ നേതാവും മാധ്യമ പ്രവർത്തകനുമായ ചാർലി കിർക്കിന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അമെരിക്കയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ ദീർഘകാല സഖ്യ കക്ഷിയായിരുന്നു ചാർലി സ്ഥാപിച്ച TPUSA എന്ന സംഘടന.
കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിലുപരി, തികഞ്ഞ ക്രൈസ്തവ വിശ്വാസിയും വിശ്വാസ പ്രചാരകനുമായിരുന്നു കിർക്ക്. തന്‍റെ TPUSA യങ് വിമൻസ് ലീഡർഷിപ്പ് സമ്മിറ്റിൽ 2022ൽ പ്രണയബന്ധങ്ങളിൽ സ്ത്രീകൾ പിന്തുടരേണ്ട ബൈബിൾ മാതൃകയെ കുറിച്ച് ഉദ്ബോധിപ്പിച്ചും അബോർഷനെതിരെ ജനന നിയന്ത്രണം സ്ത്രീകളെ ദേഷ്യക്കാരും കയ്പുള്ള സ്വഭാവക്കാരുമാക്കുന്നു എന്നുമുള്ള കിർക്കിന്‍റെ പ്രബോധനങ്ങൾ ഏറെ പ്രശസ്തി നേടി. അതോടൊപ്പം നിരവധി ശത്രുക്കളെയും നേടാൻ ഇത് കാരണമായി.
ചാർലി തന്‍റെ തലമുറയിലെ ഒരു അതികായനായിരുന്നു എന്നും ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്വാതന്ത്ര്യത്തിന്‍റെയും പ്രചോദനത്തിന്‍റെയും ചാംപ്യനായിരുന്നു എന്നുമാണ് വ്യാഴാഴ്ച പെന്‍റഗണിൽ നടന്ന ഒരു പരിപാടിയിൽ ചാർലി കിർക്കിനെ അനുസ്മരിച്ചു കൊണ്ട് ഡോണൾഡ് ട്രംപ് പറഞ്ഞത്.
2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന്‍റെ 24ാം വാർഷികം ആചരിക്കുന്ന വേളയിലാണ് ട്രംപ് ചാർലി കിർക്കിനെ സത്യത്തിനു വേണ്ടിയുള്ള രക്തസാക്ഷി എന്നു വിശേഷിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്.