
വിമാന യാത്രികൻ വച്ചുമാറിയത് ഒരു മില്യൻ ദിർഹത്തിന്‍റെ വജ്രാഭരണങ്ങൾ അടങ്ങിയ ബാഗ്
ദുബായ്: വിമാന യാത്രക്കിടെ ബാഗ് വച്ചുമാറിയത് മൂലം നഷ്ടമായ 1.1 മില്യൻ ദിർഹം മൂല്യമുള്ള വജ്രാഭരണങ്ങൾ കണ്ടെത്തി ഉടമക്ക് തിരിച്ചു നൽകി ദുബായ് പോലീസ്.
ദുബായിൽ താമസിക്കുന്ന ആഭരണ വ്യാപാരി മറ്റൊരു ജിസിസി രാജ്യത്തേക്ക് ആഭരണ പ്രദർശനത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം ഉണ്ടായത്. ലക്ഷ്യസ്ഥാനത്ത് വിമാനം ഇറങ്ങിയ ശേഷമാണ് തന്‍റെ കൈവശമുണ്ടായിരുന്ന ബാഗുകളിൽ ഒന്ന് തന്‍റേതല്ലെന്ന് ഇയാൾ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹം യുഎഇയിലേക്ക് മടങ്ങുകയും ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റിയിൽ പരാതി നൽകുകയും ചെയ്തു.
പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് സുരക്ഷാ പരിശോധനകൾക്കിടെ ഒരു ബംഗ്ലാദേശി യാത്രക്കാരൻ വ്യാപാരിയുടെ ബാഗ് തെറ്റായി എടുത്തതാണെന്ന് കണ്ടെത്തിയത്.
ബാഗുകളുടെ സാമ്യം മൂലമാണ് ഇപ്രകാരം സംഭവിച്ചതെന്നും സംഘത്തിന് ബോധ്യമായി.
തുടർന്ന് ധാക്കയിലെ യുഎഇ എംബസിയുമായും ബംഗ്ലാദേശി അധികൃതരുമായും ബന്ധപ്പെട്ട് ആഭരണമടങ്ങിയ ബാഗ് കണ്ടെത്തുകയും ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു. വ്യാപാരി ദുബായ് പോലീസിന് നന്ദി അറിയിച്ചു. ബാഗ് കണ്ടെത്താൻ സഹായിച്ചതിന് ദുബായ് പോലീസ് ബംഗ്ലാദേശ് അധികൃതരെ അഭിനന്ദിച്ചു.