

ഇന്ത്യയെ നിരീക്ഷിക്കാൻ ആറുപഗ്രഹങ്ങൾ വിക്ഷേപിച്ച് പാക്കിസ്ഥാൻ
ഇന്ത്യയുടെ പ്രതിരോധ-ബഹിരാകാശ മേഖലകളിൽ ആശങ്കയുണർത്താൻ ഭാരതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുള്ള ആറു ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതായി റിപ്പോർട്ട് ചെയ്ത് പാക്കിസ്ഥാൻ. ചൈനയുടെ ശക്തമായ സാങ്കേതിക-സാമ്പത്തിക പിന്തുണയോടെയാണ് പാക്കിസ്ഥാൻ ബഹിരാകാശ ഏജൻസിയായ സുപാർകോ (SUPARCO) ഈ അത്യാധുനിക ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചത്.
ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളും അതിർത്തി പ്രദേശങ്ങളും നിരീക്ഷിക്കുകയാണ് ഈ ഉപഗ്രഹങ്ങളുടെ പ്രധാന ലക്ഷ്യം. ഐഎസ്ആർഒ വിക്ഷേപിച്ച നാവിക് ശൃംഖലയിലെ ചില ഉപഗ്രഹങ്ങളിലെ അറ്റോമിക് ക്ലോക്കുകൾ പ്രവർത്തന രഹിതമായത് നിലവിൽ ഇന്ത്യൻ നാവിഗേഷൻ സംവിധാനത്തിന്‍റെ കൃത്യതയെ ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിച്ച് നാവിക് സംവിധാനം പൂർണസജ്ജമാക്കാൻ ഐഎസ്ആർഒ തീവ്രശ്രമം നടത്തുന്നതിനിടെയാണ് അയൽരാജ്യത്തിന്‍റെ ഈ തന്ത്രപരമായ നീക്കം.
ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ വിക്ഷേപിച്ച പുതിയ ഉപഗ്രഹങ്ങൾക്ക് ഉയർന്ന റെസല്യൂഷനിലുള്ള ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളവയാണ്. ഇത് ഇന്ത്യൻ അതിർത്തിയിലെ സൈനിക വിന്യാസങ്ങൾ അതിവേഗം മനസിലാക്കാൻ പാക്കിസ്ഥാനെ സഹായിക്കും.
ബഹിരാകാശ രംഗത്തെ ഈ ചൈന-പാക് അച്ചുതണ്ട് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. തങ്ങളുടെ പ്രതിരോധ നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ പുതിയ ബഹിരാകാശ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ്.