

ഇന്ത്യ-ക്യാനഡ ബന്ധം വീണ്ടും മെച്ചപ്പെടുന്നു
file photo
ഒട്ടാവ: ഇടക്കാലത്ത് പ്രതിസന്ധിയിലായ ഇന്ത്യയും ക്യാനഡയും തമ്മിലുള്ള ബന്ധം വീണ്ടും മെച്ചപ്പെടുന്നതിനുള്ള സൂചനകൾ പുറത്തായി. രാജ്യ സുരക്ഷ, ലഹരി വിരുദ്ധ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ചുള്ള പദ്ധതികൾക്കായി പൊതു രേഖ തയാറാക്കി.
2023 ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് ഉണ്ടായ നയതന്ത്ര തർക്കത്തിനു ശേഷം ഇന്ത്യ-ക്യാനഡ ബന്ധം സാധാരണ നിലയിലേക്ക് എത്തുന്നതിന്‍റെ സൂചനയായാണ് നയതന്ത്ര വിദഗ്ധർ ഇതിനെ കാണുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ക്യാനഡയിൽ എത്തി നടത്തിയ ചർച്ചകളെ തുടർന്നാണ് സഹകരണം. അതേ സമയം ഇന്ത്യയും ക്യാനഡയും തമ്മിലുള്ള പതിവ് ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായിട്ടാണ് ഡോവൽ സന്ദർശനത്തിന് എത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള സഹകരണം പോലുള്ള കാര്യങ്ങളിൽ ചർച്ചകൾ തുടരാനും ഇന്ത്യയും ക്യാനഡയും ധാരണയിൽ എത്തി.