ഇയുവിന്‍റെ അസോസിയേറ്റ് അംഗമാകാന്‍ ക്യാനഡ

അമെരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ക്യാനഡ ഇത്തരമൊരു നീക്കത്തിന് ശ്രമിക്കുന്നത്
Canada to become an associate member of the EU

ഇയുവിന്‍റെ അസോസിയേറ്റ് അംഗമാകാന്‍ ക്യാനഡ

Updated on

ഒട്ടാവ: 27 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയന്‍റെ (ഇയു) ആദ്യത്തെ അസോസിയേറ്റ് അംഗമായി ക്യാനഡ മാറണമെന്ന ഇയുവിന്‍റെ ക്ഷണം സ്വീകരിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. യൂറോപ്പുമായുള്ള അടുത്ത ബന്ധം, ക്യാനഡയുടെ വിപണികളെ നിയന്ത്രിക്കാനോ പരമാധികാരത്തെ ദുര്‍ബലപ്പെടുത്താനോ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന് ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവേയാണ് കാര്‍ണി ഇക്കാര്യം പറഞ്ഞത്.

അമെരിക്കയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ക്യാനഡ ഇത്തരമൊരു നീക്കത്തിന് ശ്രമിക്കുന്നത്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ക്യാനഡയ്‌ക്കെതിരേ പ്രഖ്യാപിച്ച ഇറക്കുമതി തീരുവകള്‍, സാമ്പത്തിക ഇളവുകള്‍ക്കായുള്ള സമ്മര്‍ദ്ദങ്ങള്‍ എന്നിവയാണ് ക്യാനഡയെ അമെരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കാനും യൂറോപ്പുമായി കൂടുതല്‍ ശക്തമായ സാമ്പത്തിക, സുരക്ഷാ, രാഷ്‌ട്രീയ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനും പ്രേരിപ്പിച്ചിരിക്കുന്നത്. ക്യാനഡയുടെ കയറ്റുമതിയുടെ 70 ശതമാനം അമേരിക്കയിലേക്കാണ്. അതുകൊണ്ടു തന്നെ ട്രംപിന്‍റെ തീരുവകള്‍ ക്യാനഡയെ കാര്യമായി ബാധിക്കുന്നുണ്ട്.

ക്യാനഡയുമായുള്ള ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ 27 അംഗരാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയന്‍ ആഗ്രഹിക്കുന്നതായി യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടികള്‍ പ്രകാരം നിലവില്‍ 'അസോസിയേറ്റ് അംഗത്വം' എന്നൊരു ഔദ്യോഗിക വിഭാഗം നിലവിലില്ല. അതിനാല്‍, അത്തരമൊരു സംവിധാനം വേണമെന്നുണ്ടെങ്കില്‍ അംഗരാജ്യങ്ങള്‍ അത് രൂപീകരിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

logo
Metro Vaartha
www.metrovaartha.com