
ജെ.ഡി. വാൻസ്
getty image
വാഷിങ്ടൺ: ഇന്ത്യക്കു മേൽ 50 ശതമാനം തിരിച്ചടി തീരുവ ചുമത്താനുള്ള നീക്കം റഷ്യയെ പ്രതിരോധത്തിലാക്കാനെന്ന് അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. യുക്രെയ്ൻ-റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയ്ക്കു മേൽ കടുത്ത പ്രതിരോധം സൃഷ്ടിക്കുക എന്നതാണ് അമെരിക്ക മുന്നോട്ട് വയ്ക്കുന്ന നിലപാട്.
ഇതിന്‍റെ ഭാഗമായാണ് റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കെതിരെ 50 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം കൈക്കൊണ്ടത്. യുദ്ധം നിർത്തുന്നതിന് റഷ്യയെ നിർബന്ധിക്കാൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച മാർഗമാണ് ഉയർന്ന തീരുവ നടപടിയെന്നും വാൻസ് പറഞ്ഞു.
അസംസ്കൃത എണ്ണ വിറ്റ് റഷ്യ കൂടുതൽ സമ്പന്നരാകുന്നത് സംഘർഷം നീണ്ടു പോകാൻ ഇടയാക്കുമെന്നും വാൻസ് പറഞ്ഞു. യുക്രെയ്നിലെ റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾ തടയുന്നതിനുള്ള സമ്മർദ്ദ തന്ത്രമായി ട്രംപിന്‍റെ ദ്വിതീയ തീരുവ നീക്കത്തെ വാൻസ് വിലയിരുത്തി.
ഇന്ത്യയുടെ ശുദ്ധീകരിച്ച ഉൽപന്നങ്ങളിൽ പ്രശ്നമുള്ള രാജ്യങ്ങൾ അതു വാങ്ങാതിരിക്കണം :ജയശങ്കർ
file photo
എന്നാൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാകട്ടെ, ഇന്ത്യയുടെ ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങളിൽ പ്രശ്നമുള്ള രാജ്യങ്ങൾ അതു വാങ്ങാതിരിക്കണം എന്ന ശക്തമായ ഭാഷയിലാണ് 50 ശതമാനം അധിക തീരുവയ്ക്കെതിരെ രംഗത്തെത്തിയത്.
എന്നു തന്നെയല്ല ഇന്ത്യൻ കർഷകരോടും ചെറുകിട ഉൽപാദകരോടും 50 ശതമാനം താരിഫിന്‍റെ പേരിൽ യാതൊരു വിട്ടു വീഴ്ച ചെയ്യാനും രാജ്യം തയാറല്ലെന്നും ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വ്യാപാര ചർച്ചകളിൽ സ്വന്തം ചുവപ്പു രേഖയുണ്ടെന്നും സുവ്യക്തമാക്കുന്നു. ആഗോള വിപണികളിൽ ഇപ്പോൾ ട്രംപിന്‍റെ താരിഫ് നയതന്ത്രവും ഇന്ത്യൻ ദൃഢനിശ്ചയവും തമ്മിലുള്ള താരിഫ് യുദ്ധമാണ് സൂക്ഷ്മ നിരീക്ഷണത്തിൽ കാണാനാകുക.
റഷ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ വാങ്ങുന്നതിൽ കടുത്ത എതിർപ്പു പ്രകടിപ്പിക്കുന്ന ട്രംപ് ഭരണകൂടം പക്ഷേ, ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനയെ വിമർശിക്കാൻ തയാറാകുന്നില്ലെന്നത് വലിയ ആക്ഷേപങ്ങൾക്കിടയിലാണ് വാൻസിന്‍റെ ന്യായീകരണം.