സർക്കാർ തീരുമാനത്തിനു പിന്തുണയുമായി മുൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ

അമെരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്നു പിന്മാറുകയല്ലാതെ ക്യാനഡയ്ക്കു വേറെ വഴിയില്ലായിരുന്നു: മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ
 Former Canadian Prime Minister Stephen Harper

മുൻ കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ

Updated on

ടൊറാന്‍റോ: അമെരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ നിന്നു ക്യാനഡ പിന്മാറാനുള്ള ഫെഡറൽ സർക്കാരിന്‍റെ തീരുമാനത്തിനു പിന്തുണയുമായി മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർ. വ്യാപാരയുദ്ധം ശക്തമായി ആരംഭിക്കുന്ന സാഹചര്യത്തിലേയ്ക്കാണ് ക്യാനഡ നീങ്ങുന്നതെന്നും ഇത്തരമൊരു തീരുമാനം എടുക്കുകയല്ലാതെ സർക്കാരിനു മറ്റു മാർഗം ഉണ്ടായിരുന്നില്ലെന്നും കൺസർവേറ്റീവ് പാർട്ടിയെ ഒരു ദശാബ്ദത്തിലേറെക്കാലം നയിച്ച ഹാർപ്പർ പറഞ്ഞു.

ടൊറാന്‍റോയിൽ നടന്ന ക്യാനഡ നിക്ഷേപക ഉച്ചകോടിയിൽ നിക്ഷേപകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഹാർപ്പറുടെ പ്രതികരണം. സർക്കാരിന് ഇത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനം ആയിരുന്നിരിക്കണം. എന്നാൽ ഈ വഴി സ്വീകരിക്കുകയല്ലാതെ സർക്കാരിന് മറ്റു മാർഗം ഉണ്ടായിരുന്നില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഹാർപ്പർ പറഞ്ഞു.

ക്യാനഡയുടെ ചരിത്രത്തിൽ തന്നെ അമെരിക്കയോട് ഏറ്റവും അനുകൂല മനോഭാവം പുലർത്തിയ പ്രധാനമന്ത്രിയായിരിക്കാം താൻ എന്ന് വിശേഷിപ്പിച്ചിട്ടുള്ള ഹാർപ്പർ അമെരിക്കയോടുള്ള തന്‍റെ ദീർഘകാല അടുപ്പവും അംഗീകരിച്ചു. എന്നാൽ രാജ്യത്തിന്‍റെ സാമ്പത്തിക വൈവിധ്യം സംരക്ഷിക്കുന്നതിൽ ക്യാനഡ ഉറച്ചു നിൽക്കണമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭരണകൂടം രാജ്യത്തിന്‍റെ വ്യവസായ ശേഷിയെ ദുർബലപ്പെടുത്താൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ക്യാനഡയും അമെരിക്കയും തമ്മിലുള്ള സാമ്പത്തിക ഏകീകരണം തങ്ങളുടെ വേറിട്ട പരമാധികാരവുമായി പൊരുത്തപ്പെടുന്നത് അല്ലെന്നാണ് നിലവിലെ യുഎസ് ഭരണകൂടത്തിന്‍റെ നിലപാടെന്ന് വ്യക്തമായതായി ഹാർപ്പറ്് പറഞ്ഞു. ക്യാനഡയുടെ പരമാധികാരം സംരക്ഷിക്കാൻ അമെരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം നിലവിലെ സാഹചര്യം ദുഃഖകരമാണെങ്കിലും അനിവാര്യമാണെന്നും ഹാര്‍പ്പര്‍ അഭിപ്രായപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com