എസ്‌സിഒ യോഗത്തില്‍ പാക് മന്ത്രി

സര്‍ക്കാരിന്‍റെ വിദേശനയത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം
 Pakistani Minister Musadik Malik at the SCO meeting

എസ്‌സിഒ യോഗത്തില്‍ പാക് മന്ത്രി മുസാദിക് മാലിക്

Updated on: 

ന്യൂഡല്‍ഹി: ഈ ആഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍റെ (എസ്‌സിഒ) യോഗത്തില്‍ പങ്കെടുക്കാന്‍ പാക് മന്ത്രി മുസാദിക് മാലിക് എത്തിയത് രാഷ്‌ട്രീയ വിവാദത്തിന് വഴിവച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശനയത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തി. പാക്കിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിനെതിരേ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്ന മാലിക്, ഇന്നലെ രാവിലെയാണു ഡല്‍ഹിയിലെത്തിയത്. 20 മുതൽ 23 വരെയാണ് എസ്‌സിഒ യോഗം നടക്കുന്നത്.

ബിജെപിയുടെ വിദേശനയത്തില്‍ 'ആശയക്കുഴപ്പം'ഉണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് ഫഖ്രുല്‍ ഹസന്‍ ചാന്ദ് അഭിപ്രായപ്പെട്ടു.

'ചര്‍ച്ചകളും ഭീകരവാദവും ഒരേസമയം നടക്കില്ലെന്നാണു ബിജെപി എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഇപ്പോള്‍, എസ്‌സിഒ യോഗത്തില്‍ പങ്കെടുക്കാനായി ഒരു പാക് മന്ത്രി ഇന്ത്യയിലെത്തിയിരിക്കുകയാണ് ' അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രജ്പുതും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ വിദേശനയത്തില്‍ 'വിട്ടുവീഴ്ച' ചെയ്തതായും അദ്ദേഹം ആരോപിച്ചു.

'ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും ആശയക്കുഴപ്പമുണ്ട്. പാക്കിസ്ഥാന്‍ ടീമിനെതിരെ കളിക്കാന്‍ അവര്‍ ക്രിക്കറ്റ് താരങ്ങളോട് ആവശ്യപ്പെടുന്നു. ഇപ്പോള്‍, പാക്കിസ്ഥാന്‍ മന്ത്രി ഇന്ത്യയിലേക്ക് വരുന്നു. നമ്മുടെ വിദേശനയം വിട്ടുവീഴ്ചയ്ക്ക് വിധേയമായിരിക്കുന്നെന്നു' സുരേന്ദ്ര രജ്പുതും പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാക് മന്ത്രി മാലിക്കിന്‍റെ ഭാഷ ഒരു 'ഭീകരവാദിയുടേതിന്' സമാനമാണെന്ന് കോണ്‍ഗ്രസ് എംപി പ്രമോദ് തിവാരി പറഞ്ഞു. സിന്ധു നദീജല കരാര്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് മാലിക് നടത്തിയ പരാമര്‍ശങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് തിവാരി ഇക്കാര്യം പറഞ്ഞത്. 2023ല്‍ ഗോവയില്‍ നടന്ന എസ്‌സിഒ യോഗത്തില്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി പങ്കെടുത്തതിന് ശേഷം, ഒരു പാക് മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. 2025 മേയ് മാസത്തില്‍ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നടപടിയായ 'ഓപ്പറേഷന്‍ സിന്ദൂറിന്' ശേഷം, ഒരു പാക് നേതാവ് ഇന്ത്യ സന്ദര്‍ശിക്കുന്നതും ഇതാദ്യമാണ്.

അതേസമയം ഈ സന്ദര്‍ശനം 'ഉഭയകക്ഷി ചര്‍ച്ചയല്ല' എന്ന് മാലിക് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് സിന്ധു നദീജല കരാര്‍ ഇന്ത്യ മരവിപ്പിച്ചതിനെക്കുറിച്ച് സംസാരിക്കവെ, 'ആരെങ്കിലും ഞങ്ങളുടെ ജലത്തില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍, അവരുടെ കൈകള്‍ വെട്ടിമാറ്റപ്പെടും' എന്നാണ് അദ്ദേഹം പറഞ്ഞത്. എസ്‌സിഒ യോഗത്തിലേക്ക് പാക്കിസ്ഥാന്‍റെ നാഷണല്‍ ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചര്‍ മന്ത്രി ഔറംഗസേബ് ഖാന്‍ ഖിച്ചിയെ കഴിഞ്ഞ മാസമാണ് ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചത്. എന്നാല്‍, അദ്ദേഹത്തിന് പകരം മുസാദിക് മാലിക്കിനെ പങ്കെടുപ്പിക്കാനാണ് ഇസ്‌ലാമാബാദ് തീരുമാനിച്ചത്.

എസ്‌സിഒയുടെ ഭാഗമായി ഇന്ത്യ മുന്‍കൈയെടുത്ത് നടത്തുന്ന പ്രധാന പരിപാടിയാണ് 'സിവിലൈസേഷണല്‍ ഡയലോഗ് ഫോറം'. 20 മുതല്‍ 22 വരെയാണ് പരിപാടി നടക്കുന്നത്. ചൈന, റഷ്യ, ഇന്ത്യ, പാക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ഇറാന്‍, ബെലാറസ് എന്നിങ്ങനെ 10 അംഗരാജ്യങ്ങളാണ് എസ്‌സിഒയിലുള്ളത്.