

റഷ്യൻ ആക്രമണത്തിൽ യുക്രെയ്ൻ പവർ ഗ്രിഡിനു വ്യാപക നാശം
file photo
മോസ്കോ: റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്ൻ പവർ ഗ്രിഡിൽ വ്യാപക നാശമുണ്ടായതിനെ തുടർന്ന് രാജ്യം അന്ധകാരത്തിലായി. ഇതോടെ രാജ്യത്ത് വൈദ്യുതി വിതരണം താറുമാറായതാണ് കാരണം. കൊടും തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുന്ന യുക്രെയ്നിൽ വൈദ്യുതി തടസം കൂടി നേരിട്ടതോടെ ജനങ്ങൾ അതിരൂക്ഷ പ്രതിസന്ധിയിലേയ്ക്കാണ് നീങ്ങുന്നത്. ഒരു വശത്ത് അമെരിക്കൻ മധ്യസ്ഥതയിൽ ചർച്ച നടക്കുമ്പോഴാണ് മറുവശത്ത് ഇത്തരത്തിൽ ആക്രമണം നടക്കുന്നത്.
റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം വൈദ്യുതി തടസമുണ്ടായതായി ഗ്രിഡ് ഓപ്പറേറ്റർ വ്യക്തമാക്കി. ഊർജ ഉൽപാദന വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്ന് യുക്രെയ്നിയൻ ഉദ്യോഗസ്ഥർ ആരോപിച്ചു. താപനില മൈനസിൽ എത്തിക്കഴിഞ്ഞ സാഹചര്യത്തിൽ ലക്ഷക്കണക്കിന് ആളുകൾ അതിഗുരുതരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത്. ആക്രമണം ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ സാഹചര്യം അനുവദിക്കുന്ന മുറയ്ക്ക് പുന:സ്ഥാപന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഗ്രിഡ് ഓപ്പറേറ്റർ ഉക്രനെർഗോ പറഞ്ഞു. റഷ്യൻ തലസ്ഥാനത്ത് ഒരു ഉന്നത സൈനിക ഇന്‍റലിജൻസ് ഉദ്യോഗസ്ഥനെ വെടി വച്ച സംഭവത്തിൽ യുക്രെയ്ൻ ഗൂഢാലോചന നടത്തിയെന്നും മോസ്കോ ആരോപിച്ചു.