

പ്രതീകാത്മക ചിത്രം
പാരീസ്: ഫ്രാൻസിന്റെ യുദ്ധവിമാനം തകർന്നുവീണ് ഒരു സൈനികൻ കൊല്ലപ്പെട്ടു. ഒരാളെ കാണാതായി. കിഴക്കൻ ഫ്രാൻസിലാണ് സംഭവം.
ഫ്രഞ്ച് വ്യോമസേനയുടെ മിറാഷ് 2000 ഡി പോർവിമാനമാണ് തകർന്നുവീണത്. ദൗത്യം പൂർത്തിയാക്കിയ ശേഷം മടങ്ങവേ ചൊവ്വാഴ്ച സന്ധ്യയ്ക്ക് തകർന്നുവീഴുകയായിരുന്നു. പൈലറ്റ്, വെപ്പൺ സിസ്റ്റംസ് ഓഫീസർ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. രണ്ടാമത്തെ ആളുടെ മൃതദേഹത്തിനായി തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ ഫ്രഞ്ച് വ്യോമസേന അന്വേഷണം ആരംഭിച്ചു.
കരയിലെ ലക്ഷ്യങ്ങൾ ആക്രമിക്കുന്ന ദൗത്യങ്ങളിൽ വൈദഗ്ധ്യമുള്ളതാണ് മിറാഷ് 2000 ഡി. ഇരട്ട സീറ്റുകളുള്ള ഈ യുദ്ധവിമാനം ഇന്ത്യയും സ്വന്തമാക്കിയിട്ടുണ്ട്. മിറാഷിന്റെ മൂന്ന് മുൻനിര സ്ക്വാഡ്രണുകളാണ് ഇന്ത്യൻ വ്യോമസേന ഓപ്പറേറ്റ് ചെയ്യുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഈ മൂന്ന് സ്ക്വാഡ്രണുകളും സ്ഥിതിചെയ്യുന്നത്. 1980 മുതലാണ് ഇന്ത്യ മിറാഷ് സ്വന്തമാക്കാൻ തുടങ്ങിയത്. 1999ലെ കാർഗിൽ യുദ്ധത്തിലും 2019 ബാലാക്കോട് പോരാട്ടത്തിലും മിറാഷ് നിർണായക പങ്കുവഹിച്ചിരുന്നു.