ഇറാൻ പ്ലാസ്മ മിസൈലുകൾ വികസിപ്പിച്ചോ ?|വിഡിയോ

അവകാശ വാദവുമായി ഇറാനിയൻ മിസൈൽ പ്രോഗ്രാമിന്‍റെ പയനിയർ ഹസൻ ടെഹ്റാനിയുടെ സഹോദരനും ആർജിസി കമാൻഡറുമായ മുഹമ്മദ് ടെഹ്റാനി
 Did Iran develop plasma missiles?

ഇറാൻ പ്ലാസ്മ മിസൈലുകൾ വികസിപ്പിച്ചോ ?

Updated on: 

റീന വർഗീസ് കണ്ണിമല

ലോകത്തിന്‍റെ ഏതു ഭാഗത്തും കടുത്ത ആക്രമണം നടത്താൻ കഴിയുന്ന പ്രഹരശേഷിയുള്ള പ്ലാസ്മ മിസൈലുകൾ ഇറാൻ വികസിപ്പിച്ചതായി ഐആർജിസി കമാൻഡർ രംഗത്ത്. ഇക്കഴിഞ്ഞ 11ന് ബോറൂജെർദിൽ നടന്ന ഒരു രാത്രി സമ്മേളനത്തിലാണ് തെഹ്റാനി മൊഖദ്ദമിന്‍റെ സഹോദരൻ മുഹമ്മദ് തെഹ്റാനി മൊഖദ്ദം ഈ അവകാശവാദം ഉന്നയിച്ചത്.

എട്ടു ടൺ ഭാരമുള്ള യുദ്ധമുന വഹിക്കുന്ന ഈ മിസൈലിന് 80 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പ്രഹര ശേഷിയുണ്ടെന്നാണ് ഇറാന്‍റെ അവകാശവാദം. പ്ലാസ്മ മിസൈൽ ഉപയോഗിച്ചാൽ അത് ലക്ഷ്യ സ്ഥാനത്ത് പതിക്കുന്നതിനു മുമ്പ് റഡാർ, വാർത്താ വിനിമയ സംവിധാനങ്ങൾ ഉൾപ്പടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ പ്രവർത്തന രഹിതമാക്കും എന്നാണ് ഐആർജിസി കമാൻഡർ വ്യക്തമാക്കിയത്.

2025ൽ ഇറാൻ പ്ലാസ്മ ആയുധങ്ങൾ വികസിപ്പിച്ചേക്കാം എന്നൊരു റിപ്പോർട്ട് വന്നപ്പോൾ പെന്‍റഗൺ ഈ അതിശയിപ്പിക്കുന്ന അവകാശവാദം തള്ളിക്കളയുകയായിരുന്നു. ഇലക്ട്രോണിക് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കാനും ഇലക്ട്രോണിക് ഉപകരണങ്ങളിൽ തടസമുണ്ടാക്കാനും ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയുമെങ്കിലും ഇത് യുദ്ധത്തിനായി ഉപയോഗിക്കപ്പെടും എന്ന വാദം പെന്‍റഗൺ ഇതുവരെ അംഗീകരിച്ചിട്ടില്ല.

എന്നാൽ അടുത്തയിടെ ഏഴോളം രാജ്യങ്ങളിൽ ഫ്രീസറിൽ സൂക്ഷിച്ച ഭക്ഷണം 50 ഡിഗ്രി ചൂടിൽ ഇരുന്നു കേടായത് ഒരേ സമയത്താണ്. അമെരിക്കയുടെ ആകാശം പൂട്ടിയിടേണ്ടി വന്നതും ശ്രദ്ധേയമാണ്. ഇതുവരെ അമെരിക്കൻ വ്യോമപാതാ വിലക്ക് ഏർപ്പെടുത്തേണ്ടി വന്നതിനു കൃത്യമായ കാരണം വ്യക്തമായിട്ടില്ല. ഇറാൻ അമെരിക്കയെ യുദ്ധത്തിനു ക്ഷണിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ഇതെല്ലാം ഇറാന്‍റെ പ്രഹര ശേഷി കൂടുതൽ ഗുരുതരമാക്കി എന്നതിനു തെളിവാണ്.

എന്താണ് പ്ലാസ്മ ആയുധങ്ങൾ?

അത്യന്തം ഉയർന്ന താപനിലയുള്ള അയോണൈസ്ഡ് ഗ്യാസിന്‍റെ നാലാമത്തെ അവസ്ഥയാണ് പ്ലാസ്മ. അതുപോയഗിച്ചു നാശനഷ്ടങ്ങൾ വരുത്തുന്ന ആയുധങ്ങളാണ് പ്ലാസ്മ ആയുധങ്ങൾ. ഈ സാങ്കേതികവിദ്യ പ്രധാനമായും മൂന്ന് രീതികളിൽ ഉപയോഗിക്കാം:

പ്രൊജക്റ്റൈൽ ആയുധങ്ങൾ (Projectile Weapons): ലക്ഷ്യങ്ങളെ പൂർണ്ണമായും നശിപ്പിക്കാൻ (വിഘടിപ്പിക്കാൻ) ശേഷിയുള്ള പ്ലാസ്മ പ്രൊജക്റ്റൈലുകൾ.

ഡിസ്‌റപ്റ്റീവ് ഫീൽഡ് ആയുധങ്ങൾ (Disruptive Field Weapons): വലിയൊരു പ്രദേശത്തെ ഇലക്ട്രോണിക് ഉപകരണങ്ങളെ പ്രവർത്തനരഹിതമാക്കാനോ കത്തിച്ചു കളയാനോ കഴിയുന്ന ശക്തമായ വൈദ്യുതകാന്തിക തരംഗങ്ങൾ (Electromagnetic waves).

തെർമൽ ആയുധങ്ങൾ (Thermal Weapons): വസ്തുക്കളെ ഉരുക്കാനോ ബാഷ്പീകരിക്കാനോ കഴിയുന്ന, പ്ലാസ്മയെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ.

പ്ലാസ്മ ആയുധ നിർമാണത്തിന്‍റെ വെല്ലുവിളികൾ

ഇവയ്ക്ക് പ്രവർത്തിക്കാൻ ഭീമമായ ഊർജ്ജ സ്രോതസ്സുകൾ ആവശ്യമാണ്. പ്ലാസ്മയുടെ അങ്ങേയറ്റത്തെ അസ്ഥിരത കാരണം, അതിനെ നിയന്ത്രിക്കുകയോ കൃത്യമായ ദിശയിലേക്ക് നയിക്കുകയോ ചെയ്യുക എന്നത് സങ്കീർണ്ണമാണ്. ഇത്തരം ആയുധങ്ങളുടെ സംഭരണവും ഗതാഗതവും ഇപ്പോഴും ഗവേഷണ ഘട്ടത്തിൽ മാത്രമാണ്. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ, കടുത്ത ഉപരോധങ്ങളോ സാങ്കേതികവിദ്യ ലഭിക്കുന്നതിലെ തടസങ്ങളോ ഇല്ലാത്ത, സൈനികമായി ഏറെ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങൾ പോലും, പ്ലാസ്മ ആയുധങ്ങൾ പൂർണ്ണമായും പ്രവർത്തനസജ്ജമാക്കി ഉപയോഗിക്കുന്ന ഘട്ടത്തിൽ എത്തിയിട്ടില്ല.

ചില പ്രതിരോധ സാങ്കേതിക വിദഗ്ധർ ഈ അവകാശവാദങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ:

"സൈനിക ആവശ്യങ്ങൾക്കായി പ്ലാസ്മ ഉപയോഗിക്കണമെങ്കിൽ, അതിന് ഉയർന്ന തലത്തിലുള്ള നിയന്ത്രണവും സ്ഥിരതയും ആവശ്യമാണ്; എന്നാൽ അത്തരം സാങ്കേതികവിദ്യ ഇപ്പോഴും ഗവേഷണ ഘട്ടത്തിൽ മാത്രമാണ്. ഇറാൻ പ്ലാസ്മ ഗവേഷണത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ടാകാം, എന്നാൽ പ്ലാസ്മ ആയുധങ്ങൾ പ്രായോഗികമായി ഉപയോഗയോഗ്യമാക്കുക എന്നത് തികച്ചും വ്യത്യസ്തമായ കാര്യമാണ്."

ഇറാനുമായുള്ള ആണവ, മിസൈൽ പദ്ധതികളെച്ചൊല്ലി സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ഇത്തരം ആരോപണങ്ങൾ ഉപരോധങ്ങൾ കടുപ്പിക്കുന്നതിനോ അല്ലെങ്കിൽ സൈനിക നടപടികളെ ന്യായീകരിക്കുന്നതിനോ ഉള്ള ഒരു കാരണമായി ഉപയോഗിക്കപ്പെട്ടേക്കാം.

പ്ലാസ്മ ആയുധങ്ങൾ വികസിപ്പിക്കാനുള്ള ശേഷി ഇറാനുണ്ടോ?

കടുത്ത ഉപരോധങ്ങൾക്കിടയിലും, പ്ലാസ്മ ഭൗതികശാസ്ത്ര രംഗത്ത് ഇറാൻ ശ്രദ്ധേയമായ സ്ഥാനമാണ് വഹിക്കുന്നത്. 2018-ൽ ഈ മേഖലയിൽ ഇറാൻ ആഗോളതലത്തിൽ 16-ാം സ്ഥാനത്തും, മുസ്ലീം രാജ്യങ്ങളിൽ ഒന്നാമതുമായിരുന്നു. കൂടാതെ, പ്ലാസ്മയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിസൈൽ സാങ്കേതികവിദ്യയിലും ന്യൂക്ലിയർ ഫ്യൂഷൻ റിയാക്റ്ററുകളിലും ഇറാൻ കൈവരിച്ച പുരോഗതി, ഈ മേഖലയിൽ അവർക്ക് തദ്ദേശീയമായ അറിവുണ്ടെന്ന് സൂചിപ്പിക്കുന്നതാണ്.

ഇറാന്‍റെ സൈനിക ശക്തിയെ കുറച്ചു കാണരുതെന്നും അവരുടെ പ്രതിരോധ ശേഷിയുടെ വലിയൊരു ഭാഗവും ഇപ്പോഴും പുറത്തു വിട്ടിട്ടില്ലെന്നുമാണ് ഇറാന്‍റെ സൈനികോദ്യോഗസ്ഥർ വെളിപ്പെടുത്തിയത്. ഈ സാഹചര്യങ്ങളെല്ലാം കൂട്ടി വായിക്കുമ്പോൾ ഇറാൻ ഒരു പ്ലാസ്മ യുദ്ധത്തിനു തയാറെടുക്കുന്നു എന്നു വേണം കരുതാൻ.