ഏറ്റവും മോശം സാഹചര്യത്തിനും രാജ്യം സുസജ്ജം

രണ്ടു വർഷത്തേയ്ക്കുള്ള അവശ്യ ശേഖരണം ആരംഭിച്ചതായി ഇറാൻ വൈസ് പ്രസിഡന്‍റ്
The country is well prepared for the worst-case scenario

ഏറ്റവും മോശം സാഹചര്യത്തിനും രാജ്യം സുസജ്ജം

Updated on

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളെപ്പോലും നേരിടാൻ രാജ്യം സുസജ്ജമാണെന്ന് ഇറാന്‍റെ ഒന്നാം വൈസ്പ്രസിഡന്‍റ് മുഹമ്മദ് റസ ആരെഫ് വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി അടുത്ത രണ്ടു വർഷത്തേയ്ക്കുള്ള അവശ്യ ശേഖരണം സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇറാന്‍റെ അർധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസിന്‍റെ റിപ്പോർട്ട് പ്രകാരം ദേശീയ സുരക്ഷയും ജനങ്ങളുടെ ആവശ്യങ്ങളും മുൻ നിർത്തിയാണ് ദീർഘകാല കരുതൽ പദ്ധതി നടപ്പാക്കുന്നത്. ഏതൊക്കെ വിഭവങ്ങളാണ് ശേഖരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചിട്ടില്ല.

ജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്‍റെ സ്ഥിരതയും ഉറപ്പാക്കുക എന്നതാണ് സർക്കാരിന്‍റെ പ്രധാന പരിഗണനയെന്ന് മുഹമ്മദ് റസ പറഞ്ഞു. വരാനിടയുള്ള ഏതു കടുത്ത പ്രതിസന്ധികളെയും നേരിടാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിൽ സംഘർഷം രൂക്ഷമാകുകയും സുരക്ഷാ ആശങ്കകൾ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇറാൻ ദീർഘകാല അവശ്യ ശേഖരണ പദ്ധതി ആരംഭിച്ചതായി സർക്കാർ വ്യക്തമാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com