ജനവാസ മേഖലയിൽ അശ്രദ്ധമായി വാഹനമോടിച്ച് ശല്യമുണ്ടാക്കിയാൽ കടുത്ത ശിക്ഷ

2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുമായിരിക്കും ശിക്ഷയെന്ന് അബുദാബി പൊലീസ്
Abu Dhabi police warns drivers
ജനവാസ മേഖലയിൽ അശ്രദ്ധമായി വാഹനമോടിച്ച് ശല്യമുണ്ടാക്കിയാൽ കടുത്ത ശിക്ഷ
Updated on

അബുദാബി: ജനവാസ കേന്ദ്രങ്ങളിൽ അശ്രദ്ധമായി വാഹനമോടിക്കുകയും ശല്യമുണ്ടാക്കുകയും ചെയ്യുന്ന ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇത്തരം പെരുമാറ്റങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയ്ക്ക് പുറമെ, അവരുടെ ലൈസൻസിൽ 12 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷയായി നൽകുമെന്നും അധികൃതർ അറിയിച്ചു.

അശ്രദ്ധമായി വാഹനമോടിക്കുന്നതിൽ നിന്നും പാർപ്പിട മേഖലയിൽ ശബ്ദവും ശല്യവും സൃഷ്ടിക്കുന്നതിൽ നിന്നും വിട്ടു നിൽക്കാൻ എക്‌സിൽ പോസ്റ്റ് ചെയ്ത 1.25 മിനിറ്റ് ദൈർഘ്യമുള്ള ബോധവത്കരണ വീഡിയോയിൽ അബൂദബി പൊലിസ് അഭ്യർത്ഥിച്ചു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മുഖേനയുള്ള വീഡിയോയിൽ, നാലംഗ എമിറാത്തി കുടുംബത്തെ ചിത്രീകരിച്ചിരിക്കുന്നു. ഉയർന്ന നിലയിലുള്ള വാഹന എൻജിന്‍റെ ശബ്ദവും ടയറുകൾ റോഡിൽ ഉരയുന്നതും ആകെക്കൂടി ബഹളമയമായ അന്തരീക്ഷത്തിൽ കുടുംബാംഗങ്ങൾ അസ്വസ്ഥരായി പൊലിസിൽ പരാതി നൽകുന്നതും, പട്രോളിംഗ് കാർ സ്ഥലത്തെത്തി അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതുമാണ് ഇതിലെ ഉള്ളടക്കം.

പൊലിസ് ഓഫിസറുടെ ഒരു സന്ദേശം ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. അത് ഇപ്രകാരം സംഗ്രഹിക്കാം: പ്രിയ ഡ്രൈവർമാരേ, ഉച്ചത്തിലുള്ള ശബ്ദം അപരിഷ്കൃത പെരുമാറ്റമായി കണക്കാക്കപ്പെടുന്നു. മറ്റുള്ളവരെ ശല്യപ്പെടുത്തി, സമൂഹത്തിന്‍റെ പ്രതിച്ഛായ നശിപ്പിച്ച്, ഭയം ഉളവാക്കുന്നതാകയാൽ, താമസ മേഖലയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കുക. അസഹ്യമായ നിലയിൽ ശബ്ദമുണ്ടാക്കി വാഹനമോടിച്ചാൽ 2,000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്‍റുകളും ചുമത്തും, ജാഗ്രതൈ.

Trending

No stories found.

Latest News

No stories found.