
ബെറ്റ്സി അരക്കോവ, ജീൻ ഹാക്ക്മാൻ,
ന‍്യൂയോർക്ക്: ഹോളിവുഡ് നടനും ഓസ്കർ ജേതാവുമായ ജീൻ ഹാക്ക്മാനെയും (95) ഭാര‍്യ ബെറ്റ്സി അരക്കോവയെയും (63) മരിച്ച നിലയിൽ കണ്ടെത്തി. അമെരിക്കയിലെ ന‍്യൂ മെക്സിക്കോയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരോടൊപ്പം വളർത്തുനായയെയും മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ദമ്പതിമാരുടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നൂറിലേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച നടനാണ് ജീൻ ഹാക്ക്മാൻ. 1971ലെ 'ദി ഫ്രഞ്ച് കണക്ഷൻ' എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഓസ്കർ പുരസ്കാരവും 1992ൽ മികച്ച സഹനടനുള്ള ഓസ്കർ പുരസ്ക്കാരവും ജീൻ ഹാക്ക്മാൻ സ്വന്തമാക്കി. കൂടാതെ നാല് ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്‌ടേഴ്സ് പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ജീൻ സ്വന്തമാക്കിയിട്ടുണ്ട്. 2004ൽ പുറത്തിറങ്ങിയ 'വെൽക്കം ടൂ മൂസ്പോർട്ട്' ആണ് അവസാനമായി അഭിനയിച്ച ചിത്രം.