"സാങ്കേതിക വിദ്യയിൽ ആഗോള സൈന്യങ്ങൾ വളരെ പിന്നിൽ" മുൻ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ

വിക്റ്റർ പിൻചുക്ക് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘യാൽറ്റ യൂറോപ്യൻ സ്ട്രാറ്റജി’ ഫോറത്തിന്‍റെ രണ്ടാം ദിനത്തിലാണ് ഡ്രിസ്കോളിന്‍റെ പ്രതികരണം.
Former US Army Secretary Dan Driscoll

മുൻ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ

Updated on

വാഷിങ്ടൺ: ആഗോള യുദ്ധതന്ത്രങ്ങളിൽ വൻ മാറ്റത്തിനു സമയമായെന്ന മുന്നറിയിപ്പുമായി ട്രംപ് ഭരണകൂടത്തിൽ നിന്നു രാജി വച്ചതിനു ശേഷം ആദ്യമായി പൊതുവേദിയിൽ എത്തിയ മുൻ യുഎസ് ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ.

കാലഘട്ടത്തിന്‍റെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള വേഗതയും സാങ്കേതിക നൂതനത്വവും ലോകത്തിലെ വൻകിട സൈന്യങ്ങൾക്ക് ഒന്നും തന്നെ കൈവരിക്കാനായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിക്റ്റർ പിൻചുക്ക് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘യാൽറ്റ യൂറോപ്യൻ സ്ട്രാറ്റജി’ ഫോറത്തിന്‍റെ രണ്ടാം ദിനത്തിലാണ് ഡ്രിസ്കോളിന്‍റെ പ്രതികരണം.

പെറെനിയൽ ഓട്ടോണമി മേധാവിയും ഗൂഗിളിന്‍റെ മുൻ സിഇഒയുമായ എറിക് ഷ്മിറ്റിനൊപ്പം നടന്ന സംവാദത്തിൽ ഫരീദ് സക്കറിയയായിരുന്നു മോഡറേറ്റർ. യുക്രെയ്ൻ സൈന്യം വികസിപ്പിച്ച സാങ്കേതിക മുന്നേറ്റങ്ങളെ ഡ്രിസ്കോളും ഷ്മിറ്റും പ്രശംസിച്ചു.

പ്രത്യേകിച്ച് ഡെൽറ്റ എന്ന സോഫ്റ്റ് വെയർ പ്ലാറ്റ്ഫോമിന്‍റെ സാധ്യതകളാണ് ഇരുവരും ചൂണ്ടിക്കാട്ടിയത്. റഡാറുകൾ, വിവിധ സെൻസറുകൾ, സൈനികർ എന്നിവരിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ തത്സമയം സംയോജിപ്പിച്ച് യുദ്ധക്കളത്തിലെ സാഹചര്യങ്ങൾ കൃത്യമായി മനസിലാക്കാൻ സഹായിക്കുന്ന സംവിധാനമാണിത്.

നിലവിൽ അമെരിക്കൻ സൈന്യത്തിന്‍റെ കൈവശമുള്ള സാങ്കേതിക സംവിധാനങ്ങളെക്കാൾ ഏറെ മുന്നിലാണ് ഡെൽറ്റ പ്ലാറ്റ് ഫോമെന്ന് ഡ്രിസ്കോൾ പറഞ്ഞു. നിർമിത ബുദ്ധിയുടെയും ഉയർന്ന പ്രോസസിങ് ശേഷിയുടെയും ഉപയോഗം കൂടുതൽ ശക്തിപ്പെടുത്താൻ കഴിഞ്ഞാൽ റഷ്യയെ സാങ്കേതികമായും തന്ത്രപരമായും മറികടന്ന് യുക്രെയ്നു പൂർണ വിജയം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ആധുനിക യുദ്ധങ്ങളിൽ വേഗത്തിലുള്ള വിവരശേഖരണവും വിശകലനവും സാങ്കേതികവിദ്യയുടെ പ്രയോഗവും നിർണായകമാകുന്ന സാഹചര്യത്തിലാണ് ഡ്രിസ്‌കോളിന്‍റെ ഈ പരാമർശം. പരമ്പരാഗത സൈനികശക്തിക്കൊപ്പം സാങ്കേതിക മികവും യുദ്ധവിജയത്തിൽ നിർണായക ഘടകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന സന്ദേശമാണ് ഡ്രിസ്കോൾ നൽകുന്നത്.

logo
Metro Vaartha
www.metrovaartha.com