
മ്യാൻമറിനും തായ്‌ലൻഡിനും പിന്നാലെ അഫ്ഗാനിസ്ഥാനിലും ഭൂകമ്പം; 4.7 തീവ്രത
കാബൂൾ: ഭീതി പടർത്തി അഫ്ഗാനിസ്ഥാനിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശനിയാഴ്ച രാവിലെ 5.16 ഓടെ, 180 കിലോമീറ്റർ ആഴത്തിലുള്ള ഭൂചലനമാണ് അനുഭവപ്പെട്ട നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. പ്രദേശങ്ങളിൽ ഉണ്ടായ ആഘാതത്തിന്‍റെ വിവരങ്ങൾ വ്യക്തമല്ല.
മ്യാൻമറിലും തായ്‌ലൻഡിലും തുടർച്ചയായി ഉണ്ടായ രണ്ട് ഭൂകമ്പങ്ങൾക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിലും ഭൂചലനമുണ്ടാകുന്നത്. വെള്ളിയാഴ്ച രാവിലെ 11.50 ഓടെയാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടാകുന്നത്.
ഇതിനു തൊട്ടുപിന്നാലെ 12.50 ഓടെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനമുണ്ടായെന്നാണ് റിപ്പോർട്ട്.
ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 694 ആയി. 1670 പേരാണ് പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിൽ മാത്രം 10 ഓളം പേർ മരിച്ചതായാണ് വിവരം.