ഛിന്ന ഗ്രഹ വലയ ദൗത്യം: യുഎഇ ബഹിരാകാശ ഏജൻസിയും മിത്സുബിഷിയും തമ്മിൽ കരാർ

ഛിന്ന ഗ്രഹ വലയത്തിലേക്കുള്ള എമിറേറ്റ്സ് മിഷന്‍റെ ഭാഗമായ ഈ സംരംഭം യുഎഇ ഏറ്റെടുത്ത ഏറ്റവും വലിയ ബഹിരാകാശ ദൗത്യങ്ങളിലൊന്നാണ്
agreement between uae space agency and mitsubishi
ഛിന്ന ഗ്രഹ വലയ ദൗത്യം: യുഎഇ ബഹിരാകാശ ഏജൻസിയും മിത്സുബിഷിയും തമ്മിൽ കരാർ
Updated on

ദുബായ്: 2028ൽ എച്ച് 3 റോക്കറ്റിൽ 'മുഹമ്മദ് ബിൻ റാഷിദ് എക്സ്പ്ലോറർ' (എംബിആർ) ബഹിരാകാശ പേടകം വിക്ഷേപിക്കാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി യുഎഇ ബഹിരാകാശ ഏജൻസിയും മിത്സുബിഷി ഹെവി ഇൻഡസ്ട്രീസും തമ്മിൽ കരാർ ഒപ്പുവച്ചു. യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രീം സ്പേസ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവച്ചത്.

ഛിന്ന ഗ്രഹ വലയത്തിലേക്കുള്ള എമിറേറ്റ്സ് മിഷന്‍റെ ഭാഗമായ ഈ സംരംഭം യുഎഇ ഏറ്റെടുത്ത ഏറ്റവും വലിയ ബഹിരാകാശ ദൗത്യങ്ങളിലൊന്നാണ്.ബഹിരാകാശ ശാസ്ത്രത്തിൽ സുപ്രധാന പങ്കു വഹിക്കാനുള്ള യുഎഇയുടെ അഭിലാഷത്തിന്‍റെ നിർണായക ചുവടുവെപ്പാണ് ഛിന്ന ഗ്രഹ വലയം പര്യവേക്ഷണം ചെയ്യാനുള്ള ദൗത്യമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.

'മുഹമ്മദ് ബിൻ റാഷിദ് എക്സ്പ്ലോറർ' ബഹിരാകാശ പേടകത്തിന്‍റെ വിക്ഷേപണത്തിനായി യുഎഇ ബഹിരാകാശ ഏജൻസിയും മിത്സുബിഷി ഹെവി ഇൻഡസ്ട്രീസും തമ്മിലുള്ള കരാർ ആഗോള ബഹിരാകാശ മേഖലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ ചുവടുവെപ്പാണെന്ന് ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.

2018ൽ ഖലീഫ സാറ്റിൻ്റെയും 2020ൽ ഹോപ് പ്രോബിൻ്റെയും വിക്ഷേപണത്തിന് ശേഷം ദേശീയ ബഹിരാകാശ ദൗത്യങ്ങൾക്കായി യു.എ.ഇയും മിത്സുബിഷി ഹെവി ഇൻഡസ്ട്രീസും തമ്മിലുള്ള മൂന്നാമത്തെ സഹകരണ കരാറാണിത്. ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലറേഷൻ ഏജൻസി (ജാക്‌സ) പ്രസിഡന്‍റ് ഡോ. ഹിരോഷി യമകാവയുമായും ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി.

ദൗത്യത്തിന്‍റെ ഭാഗമായുള്ള അന്താരാഷ്ട്ര സഹകരണത്തിൽ ഇറ്റാലിയൻ ബഹിരാകാശ ഏജൻസി, കൊളറാഡോ സർവകലാശാല, അരിസോണ സർവകലാശാല തുടങ്ങിയ വിഖ്യാത സ്ഥാപനങ്ങളും ഉൾപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com