

ഹഫീസ് സയീദ്, മസൂദ് അസർ
File photo
AI generated summary, newsroom reviewed
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരേ നിരവധി ഭീകരാക്രമണങ്ങളുടെ ആസൂത്രകരായ ഹഫീസ് സയീദിനെയും മസൂദ് അസറിനെയും പാക്കിസ്ഥാൻ അതീവ സുരക്ഷയുള്ള പുതിയ ഒളിത്താവളങ്ങളിലേക്കു മാറ്റിയതായി റിപ്പോർട്ട്. ഒരാഴ്ചയ്ക്കിടെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നേരിട്ടുള്ള സംരക്ഷണയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്കിസ്ഥാനിലെ ഭീകരതാവളങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടാക്കിയ 'ഓപ്പറേഷൻ സിന്ദൂറിന്' പിന്നാലെ, ഇന്ത്യയുടെ ഭാഗത്തുനിന്ന് വീണ്ടും സൈനിക നടപടികളുണ്ടായേക്കാമെന്ന ഭീതിയിലാണ് ഈ നീക്കം. അടുത്തിടെ പാക്കിസ്ഥാനിൽ ഇന്ത്യാ വിരുദ്ധരായ നിരവധി ഭീകരരെ അജ്ഞാതർ വധിച്ചിരുന്നു. ഇതും പാക് സുരക്ഷാ ഏജൻസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ലഷ്കർ ഇ തൊയ്ബ സ്ഥാപകനായ ഹഫീസ് സയീദിനെ ലാഹോറിലെ ജൊഹാർ ടൗണിൽ നിന്ന് പാക് സൈനിക ആസ്ഥാനത്തിന് സമീപമുള്ള റാവൽപിണ്ടിയിലെ അതീവ സുരക്ഷാ മേഖലയായ ഗാരിസൺ ഗ്രൗണ്ടിലേക്കാണ് മാറ്റിയത്. ഇയാൾ ലഷ്കർ നേതൃത്വത്തോടുൾപ്പെടെ നേരിട്ടുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കി. നിലവിൽ ഓഡിയോ സന്ദേശങ്ങൾ വഴി മാത്രമാണ് ആശയവിനിമയം നടത്തുന്നത്. ലാഹോറിലെ കോട് ലഖ്പത് ജയിലിൽ സയീദ് തടവുശിക്ഷ അനുഭവിക്കുകയാണെന്നാണ് പാക്കിസ്ഥാന്‍റെ ഔദ്യോഗിക നിലപാടെങ്കിലും, ഐഎസ്ഐയുടെ സുരക്ഷിത താവളത്തിൽ ഇയാൾ സുഖവാസത്തിലാണെന്നാണ് രഹസ്യാന്വേഷണ വിലയിരുത്തൽ.
ജയ്ഷ് മുഹമ്മദ് തലവൻ മസൂദ് അസറിനെ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുള്ള അതീവ സുരക്ഷാ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. 'ഓപ്പറേഷൻ സിന്ദൂറിൽ' ബഹാവൽപുരിലെ ജയ്ഷ് ആസ്ഥാനത്തിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചത് സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. അസറും ഭീകരരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കി. മുതിർന്ന കമാൻഡർമാർ ഉൾപ്പെടുന്ന വളരെ ചെറിയൊരു സംഘവുമായി മാത്രമാണു നേരിട്ടുളള ബന്ധം.
26/11 മുംബൈ ഭീകരാക്രമണം ഉൾപ്പെടെ കേസുകളിൽ വിട്ടുനൽകാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ള കൊടുംഭീകരനാണ് ഹഫീസ് സയീദ്. പാർലമെന്‍റ്, പത്താൻകോട്ട്, പുൽവാമ ഭീകരാക്രമണങ്ങളുടെ മുഖ്യആസൂത്രകനാണു മസൂദ് അസർ. ഇരുവരും ജയിലിലല്ലെന്നും പാക് ചാരസംഘടനയുടെ പൂർണ സംരക്ഷണയിലാണ് കഴിയുന്നതെന്നും രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
AI generated summary, newsroom reviewed