
'ഇസ്‌ലാമിനെതിരായ ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യണം'; ഇന്ത‍്യക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് അൽ ഖ്വയ്ദ
representative image
ന‍്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത‍്യ തിരിച്ചടി നൽകിയതിനു പിന്നാലെ ഇന്ത‍്യക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകര സംഘടനയായ അൽഖ്വയ്ദ. ഇന്ത‍്യയുടെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നാണ് അൽ ഖ്വയ്ദയുടെ ഇന്ത‍്യൻ ശാഖ പ്രസ്താവനയിലൂടെ വ‍്യക്തമാക്കിയിരിക്കുന്നത്. പാക്കിസ്ഥാനിലെ പള്ളികളും ജനവാസ കേന്ദ്രങ്ങളും ലക്ഷ‍്യമിട്ടാണ് ഇന്ത‍്യൻ സർക്കാർ ആക്രമണം നടത്തിയതെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
'ഇന്ത‍്യയുടെ ആക്രമണത്തിൽ അനേകം പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പഹൽഗാമിനു ശേഷം ആരംഭിച്ചതല്ല മുസ്‌ലിംകൾക്കും ഇസ്‌ലാമിനും എതിരായ ഇന്ത‍്യയുടെ യുദ്ധം.
അത് പതിറ്റാണ്ടുകളായി തുടർന്നു വരുന്ന ഒന്നാണ്. ഇന്ത‍്യയിലെയും കശ്മീരിലെയും മുസ്‌ലിംകൾ അടിച്ചമർത്തൽ നേരിടുന്നു. ഹിന്ദുത്വ ശക്തികളാൽ നയിക്കപ്പെടുന്ന ഇന്ത‍്യൻ സർക്കാർ മുസ്‌ലിംകളെ ഇല്ലാതാക്കുന്നതിനു വേണ്ടി സൈനികവും രാഷ്ട്രീയവും സാംസ്കാരികവുമായ ശ്രമത്തിലാണ്. ഇസ്‌ലാമിനെതിരായ ആക്രമണങ്ങൾക്കെതിരേ പ്രതികാരം ചെയ്യണം'. അൽഖ്വയ്ദ പ്രസ്താവനയിലൂടെ പറഞ്ഞു.