
ജൂലിയോ സീസർ ഷാവേസ്
FILE PHOTO
വാഷിങ്ടൺ: അനധികൃതമായി അമെരിക്കയിൽ താമസിച്ചു എന്ന ആരോപണത്തെ തുടർന്ന് പ്രശസ്ത മെക്സിക്കൻ ബോക്സർ ജൂലിയോ സീസർ ഷാവേസ് ജൂണിയറെ യുഎസ് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു.
ലോസ് ആഞ്ചലസിലെ താമസ സ്ഥലത്തു നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിലവിൽ ഷാവേസിനെ മാതൃരാജ്യമായ മെക്സിക്കോയിലേയ്ക്ക് നാടുകടത്താനുള്ള നിയമ നടപടികൾ പുരോഗമിക്കുകയാണ്.
മെക്സിക്കോയിലെ പ്രധാനപ്പെട്ട ലഹരി, കുറ്റകൃത്യ ശൃംഖലയായ സിനലാവോ കാർട്ടലുമായി ബന്ധമുള്ളയാളാണ് ഷാവേസ് എന്നാണ് കണ്ടെത്തൽ. മെക്സിക്കോയിൽ ഷാവേസിനെതിരെ ആയുധക്കടത്ത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതിനാൽ നാടു കടത്തപ്പെട്ടാൽ ഉടൻ തന്നെ ഷാവേസ് മെക്സിക്കൻ പൊലീസിന്‍റെ പിടിയിലാകും.
ഷാവേസിന്‍റെ ഭാര്യ ഫ്രിഡ മുനോസ് ഷാവേസ്, നേരത്തെ സിനലാവോ കാർട്ടലിന്‍റെ നേതാവ് ജോക്വിൻ ഗുസ്മാന്‍റെ മകനായ എഡ്ഗർ ഡുസ്മാന്‍റെ മുൻ ഭാര്യയായിരുന്നു. 2008ൽ എഡ്ഗർ ഗുസ്മാൻ കൊല്ലപ്പെടുകയും ചെയ്തു.
ജോ ബൈഡൻ പ്രസിഡന്‍റ് ആയിരുന്ന കാലത്ത് ടൂറിസ്റ്റ് വിസയിലാണ് ഷാവേസ് അമെരിക്കയിൽ എത്തുന്നത്. 2024 ഫെബ്രുവരി മാസത്തിൽ വിസാ കാലാവധി തീർത്തിട്ടും അദ്ദേഹം തിരികെ പോയില്ല. അമെരിക്കയിൽ അനധികൃതമായി തുടരുകയായിരുന്നു. പെർമെനന്‍റ് റസിഡൻസിക്ക് നൽകിയ അപേക്ഷയിൽ വ്യാജവിവരങ്ങൾ ഉണ്ടെന്ന് ഇമിഗ്രേഷൻ വകുപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ്.
ഉഗാണ്ടയിൽ ജനിച്ച അമെരിക്കൻ പൗരനും ഇപ്പോൾ ന്യൂയോർക്ക് സിറ്റി ഡെമോക്രാറ്റിക് മേയർ പദവിയിലേയ്ക്കു മത്സരിക്കുന്ന ഡെമോക്രാറ്റിക്കുമായ സൊഹ്റാൻ മംദാനി ട്രംപിനെതിരെ ഐസിഇ നാടുകടത്തൽ അറസ്റ്റുകൾക്കെതിരെ ശക്തമായി രംഗത്തു വന്നിരുന്നു.
വേണ്ടി വന്നാൽ മാംദാനിയെയും അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയുമായാണ് ട്രംപ് ഇതിനോടു പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രശസ്ത ബോക്സറായ ജൂലിയൻ ഷാവോസിനെ ട്രംപ് നാടു കടത്താൻ ഒരുങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്.