
ജിമ്മി കാർട്ടർ-അമെരിക്കയുടെ ക്രാന്തദർശിയായ പ്രസിഡന്‍റ്. എഴുപതുകളിൽ അമെരിക്കയ്ക്ക് പ്രകൃതി സമ്മാനിച്ച ഗ്രേറ്റ തൻബെർഗ്-അതായിരുന്നു ജിമ്മി കാർട്ടർ.
പാരിസ്ഥിതിക സംരക്ഷണ മേഖലയെ കുറിച്ച്, മനുഷ്യന്‍റെ അത്യാഗ്രഹത്തെ കുറിച്ച്, ആർത്തി മൂത്ത ഉപഭോഗത്തെ കുറിച്ച് അക്കാലത്ത് ആരും കേൾക്കാൻ ആഗ്രഹിക്കാത്ത ഫോസിൽ ഇന്ധന ആസക്തിയെക്കുറിച്ചെല്ലാം ധീരവും രാഷ്ട്രീയമായി മൂർച്ചയുള്ളതുമായ പ്രതികരണങ്ങളാണ് ജിമ്മി കാർട്ടർ നടത്തിയത്.
അമെരിക്കൻ പ്രസിഡന്‍റായിരുന്നിട്ടു പോലും അദ്ദേഹത്തിന്‍റെ ദീർഘ വീക്ഷണത്തെ വേണ്ട രീതിയിൽ മനസിലാക്കാൻ അന്ന് അമെരിക്കക്കാർക്ക് സാധിച്ചില്ല.
അദ്ദേഹത്തിന്‍റെ ഭരണകാലത്തിനുമെത്രയോ ദശാബ്ദങ്ങൾക്കു ശേഷം ഇന്ന് അമെരിക്ക ഫോസിൽ ഇന്ധനങ്ങൾക്കെതിരെ സോളാർ വൈദ്യുതിയ്ക്ക് വൻ പ്രാധാന്യം ഇപ്പോൾ നൽകി വരുന്നു.എന്നാൽ എഴുപതുകളിൽ കാർട്ടറാണ് ഈ അനിവാര്യമായ വില കുറഞ്ഞ വൈദ്യുതിയെ കുറിച്ച് ആദ്യം ലോകത്തോടു വിളിച്ചു പറഞ്ഞത്.
എഴുപത്തൊമ്പതിൽ ഒപെക് എണ്ണ ഉൽപ്പാദകർ ഉയർന്ന എണ്ണ വിലകൊണ്ട് യുഎസ് സമ്പദ്‌വ്യവസ്ഥയെ കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തി.ആ അവസരത്തിൽ അമെരിക്കൻ ജനതയോട് കാർട്ടർ പറഞ്ഞു:
"നമുക്കറിയാവുന്ന ആധുനിക ജീവിതം ഫോസിൽ ഇന്ധനങ്ങളാൽ സൃഷ്ടിക്കപ്പെട്ടതും നശിപ്പിക്കപ്പെടുന്നതും ആണ്. ഈ രാജ്യം നേരിടുന്ന വെല്ലുവിളി യുദ്ധത്തിന്‍റെ ധാർമ്മിക തുല്യതയാണ്'.ഒപെക് ഫോസിൽ ഇന്ധന ഉൽപാദകർ എണ്ണ വില ഉയർത്തിയതിനെയാണ് യുദ്ധമെന്ന് അദ്ദേഹം വിവക്ഷിച്ചത്.
അമെരിക്ക കണ്ട എക്കാലത്തെയും പരിസ്ഥിതി സ്നേഹിയായ പ്രസിഡന്‍റാണ് ജിമ്മി കാർട്ടർ.ഈ പരിസ്ഥിതി സ്നേഹം അദ്ദേഹത്തിനു പകർന്നു കിട്ടിയത് ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ നിന്നാണ്.
തെക്കുപടിഞ്ഞാറൻ ജോർജിയയിലെ ഒരു ഫാമിൽ കോച്ചി വിറയ്ക്കുന്ന തണുപ്പത്തു പോലും വൈദ്യുതിയോ ജലവിതരണമോ ഇല്ലാത്ത ഫാമിൽ, ഡീസൽ ഇന്ധനം പ്രവർത്തിക്കുന്ന ട്രാക്റ്ററുകളില്ലാത്ത ഫാമിലാണ് ഇടാനൊരു ജോഡി ചെരുപ്പു പോലുമില്ലാതെ കുഞ്ഞു ജിമ്മി വളർന്നത്. മറ്റ് കൃഷിക്കാരോടൊപ്പം വയലിൽ നഗ്ന പാദനായി പണിയെടുത്ത് കാൽവിരലുകൾക്കിടയിൽ വളം കടി പോലുള്ള രോഗങ്ങളാൽ വലഞ്ഞൊരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്.
അടുത്തുള്ള നദികളിലും തടാകങ്ങളിലും മത്സ്യ ബന്ധനം നടത്തി കുടുംബത്തെ സഹായിച്ച കുഞ്ഞു ജിമ്മി.വാഹനമോടിക്കാൻ പ്രായമാകുന്നതിന് മുമ്പേ പന്നിയെ കൊല്ലാൻ പഠിക്കേണ്ടി വന്നവൻ.ദാരിദ്ര്യത്തിന്‍റെ ആധിക്യം നിമിത്തം ആ അറുത്തുമാറ്റിയ പന്നിയുടെ മസ്തിഷ്കം ഭക്ഷണമാക്കിയ കുടുംബത്തിലെ കുട്ടി.കഷ്ടതകൾ ഇങ്ങനെ ഒരുപാടുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ പിതാവ് കാർട്ടർ ഒരു പ്രായോഗിക വാദിയായിരുന്നു. ജിമ്മിക്ക് പതിനൊന്നു വയസുള്ളപ്പോഴാണ് കാർട്ടർ അവരുടെ ഫാമിൽ ഒരു കാറ്റാടി യന്ത്രം സ്ഥാപിച്ചത്. കൗമാരത്തിന്‍റെ പടിവാതിൽക്കലെത്തിയ മകനെ ആ കാറ്റാടിയന്ത്രത്തിലൂടെ പുനരുപയോഗ ഊർജത്തിന്‍റെ ശക്തിയെ അനുഭവ വേദ്യമാക്കി നൽകി ആ പിതാവ്.
പിൽക്കാലത്ത് അമെരിക്കൻ നാവികസേനയിൽ,ഒരു ന്യൂക്ലിയർ എൻജിനീയർ ആയിത്തീരാൻ ഈ അനുഭവം അദ്ദേഹത്തെ സഹായിച്ചു. സമർഥനായിരുന്ന ആ യുവ എൻജിനീയറുടെ നിശ്ചയദാർഢ്യമാണ് ക്യാനഡയിലെ ഒരു പരീക്ഷണാത്മക ആണവ റിയാക്റ്ററിലെ ചോർച്ച അടയ്ക്കാൻ സ്വജീവൻ പണയപ്പെടുത്തിയും പ്രവർത്തിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും അതിൽ വിജയിച്ചതും.
1979 ജൂൺ 20ന് പ്രസിഡന്‍റായിരിക്കെ അദ്ദേഹം തന്‍റെ സൗരോർജ്ജ നയം പ്രഖ്യാപിച്ചു.വൈറ്റ് ഹൗസിന്‍റെ വെസ്റ്റ് വിങ് റൂഫിൽ സ്ഥാപിച്ചിട്ടുള്ള സോളാർ പാനലുകൾക്ക് മുന്നിൽ വച്ചാണ് അദ്ദേഹം അന്നോളം ലോകത്തിനു പരിചിതമല്ലായിരുന്ന സൗരോർജ പദ്ധതിയെ കുറിച്ച് വാചാലനായത്.
32 സോളാർ വാട്ടർ ഹീറ്റിങ് പാനലുകൾ സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനമായിരുന്നു അദ്ദേഹം നടത്തിയത്. അക്കാലത്ത് ഒപെകിന്‍റെ ഉയർന്ന ഫോസിൽ ഇന്ധന വില മൂലം അമെരിക്കയുടെ പെട്രോൾ സ്റ്റേഷനുകളിൽ നീണ്ട നിരകൾ കാണാമായിരുന്നു.ഇത്തരത്തിൽ
വിദേശ എണ്ണയെ ആശ്രയിക്കുന്നതിനാൽ യുഎസ് സമ്പദ്‌വ്യവസ്ഥ പട്ടിണിയിലാകുമെന്ന ഒരു ഊർജ വിഭ്രാന്തിയുടെ നടുവിൽ അമെരിക്ക നിൽക്കുമ്പോഴാണ് ജിമ്മി കാർട്ടർ അന്നോളം പരിചിതമല്ലാത്ത സൗരോർജ നയവുമായി എത്തിയത്.
ലോക ഗതിയെ തന്നെ മാറ്റി മറിക്കാമായിരുന്ന പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ ഈ പദ്ധതിയെ പക്ഷേ അമെരിക്കൻ ജനത പുറംകാലു കൊണ്ടു തൊഴിച്ചകറ്റി.അതോടെ ജിമ്മി കാർട്ടർക്ക് തന്‍റെ രാഷ്ട്രീയ ജീവിതത്തിന് വലിയ വില നൽകേണ്ടി വന്നു.
അദ്ദേഹത്തിന്‍റെ അംഗീകാര റേറ്റിങ് ഇരുപത്തെട്ടു ശതമാനമായി താഴ്ന്നു.അമെരിക്കൻ പ്രസിഡന്‍റിന്‍റെ എക്കാലത്തെയും താഴ്ന്ന റേറ്റിങ്!
രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ രാജ്യത്തിന്‍റെ ഊർജത്തിന്‍റെ 20 ശതമാനവും സൗരോർജ്ജത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയിൽ "സൗരോർജ്ജവും മറ്റ് പുനരുപയോഗ ഊർജ രൂപങ്ങളും ഉത്തേജിപ്പിക്കുന്നതിന്" ഒരു ബില്ല്യണിലധികം ഡോളർ ചെലവഴിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്ന് കാർട്ടർ പ്രഖ്യാപിച്ചു.
അന്ന് കാർട്ടർ ചൂണ്ടിക്കാണിച്ച ശുദ്ധമായ ഊർജത്തിലേക്കുള്ള പാത അമേരിക്ക സ്വീകരിച്ചില്ലെന്ന് വ്യക്തം. 2024 ഡിസംബർ 29-ന് 100-ാം വയസിൽ മരണമടഞ്ഞ കാർട്ടറിന് മുന്നോട്ടുള്ള പാതയെക്കുറിച്ച് ദർശനപരമായ ധാരണ ഉണ്ടാ യിരുന്നു.
അത് ഓരോ വർഷവും കൂടുതൽ ആഴത്തിൽ വളരുന്നു. "അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച പാരിസ്ഥിതിക പ്രസിഡന്‍റുമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പ്രസിഡണ്ട് കാർട്ടർ'" കാർട്ടേഴ്സ് കൗൺസിൽ ഓൺ എൻവയോൺമെന്‍റൽ ക്വാളിറ്റി ചെയർമാനും പരിസ്ഥിതി പ്രസ്ഥാനത്തിലെ മുൻനിര വ്യക്തിയുമായ ഗസ് സ്പെത്ത് ജിമ്മി കാർട്ടറിനെ കുറിച്ചു പറയുന്നു.