

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമെരിക്ക പിന്മാറി
ന്യൂയോർക്ക്: ലോകാരോഗ്യ സംഘടനയിൽ നിന്ന് അമെരിക്ക പിന്മാറി. പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചതിന് ഒരു വർഷത്തിന് ശേഷമാണ് നടപടി. ഇതോടെ ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസിയിൽ യുഎസിന്‍റെ എല്ലാ പങ്കാളിത്തവും അവസാനിച്ചു. റോയിട്ടേഴ്സിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഏകദേശം 260 മില്യൺ ഡോളറിന്‍റെ കടബാധ്യതയുമായാണ് പിൻമാറുന്നത്.
യുഎസ് ആരോഗ്യ, മനുഷ്യാവകാശ സേവന വകുപ്പ് ലോകാരോഗ്യ സംഘടനയ്ക്കുള്ള എല്ലാ ധനസഹായവും നിർത്തിവെച്ചതായും ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്തും ലോകമെമ്പാടുമുള്ള ഓഫീസുകളിൽ നിന്നും അമെരിക്കൻ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചതായും വിവരമുണ്ട്.
ലോകാരോഗ്യ സംഘടന സ്പോൺസർ ചെയ്യുന്ന നേതൃത്വ ബോഡികൾ, സാങ്കേതിക കമ്മിറ്റികൾ, വർക്കിങ് ഗ്രൂപ്പുകൾ എന്നിവയിലെ പങ്കാളിത്തവും അമെരിക്ക അവസാനിപ്പിച്ചു. രണ്ടാം തവണ അധികാരത്തിലേറിയപ്പോൾ ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡറിനെ തുടർന്നാണ് പിന്മാറ്റം. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു, പരിഷ്കാരങ്ങൾ വരുത്തുന്നതിൽ വീഴ്ച എന്നിവ ലോകാരോഗ്യക്കെതിരേ ട്രംപ് ആരോപിച്ചിരുന്നു. പിന്മാറുന്നതിന് മുൻപ് കടം വിട്ടാൻ ബാധ്യതയുണ്ടെന്ന വാദം ട്രംപ് നിഷേധിച്ചു.