
മോസ്ക്കോ : ചാരവൃത്തി ആരോപണം ഉന്നയിച്ചു അമെരിക്കൻ മാധ്യമപ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തു. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടറായ ഇവാൻ ഗെർഷ്കോവിച്ചാണ് അറസ്റ്റിലായത്. അമെരിക്കയുടെ നിർദ്ദേശപ്രകാരം റഷ്യയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി എന്നതാണു ഇവാനെതിരെയുള്ള ആരോപണം.
യുക്രൈയ്ൻ യുദ്ധവിഷയത്തിൽ അമെരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിലാണ് അറസ്റ്റെന്നതും എടുത്തുപറയേണ്ടതാണ്. ഇവാനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. എന്നാൽ ചാരവൃത്തി ആരോപണങ്ങൾ വാൾ സ്ട്രീറ്റ് ജേണൽ അധികൃതർ നിഷേധിച്ചു. റഷ്യയിൽ ജോലി ചെയ്യാനുള്ള നിയമപരമായ അവകാശമുള്ള പത്രപ്രവർത്തകനാണ് ഇവാൻ എന്നും വാൾ സ്ട്രീറ്റ് ജേണൽ അറിയിച്ചു.
ചാരവൃത്തി പോലുള്ള കേസുകളിൽ റഷ്യയിൽ ഇരുപതു വർഷം വരെ തടവ് ലഭിക്കാം. ഇത്തരം വിചാരണങ്ങൾ രഹസ്യമായാണ് നടത്താറുള്ളത്.