H1-B വിസ ഫീസ് 88 ലക്ഷം രൂപ! ഇന്ത്യക്കാർക്ക് കനത്ത തിരിച്ചടി

യുഎസിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളെ ഗുരുതരമായി ബാധിക്കുന്ന നീക്കം. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് H1-B വിസ ഫീസ് 100,000 ഡോളറായി (ഏകദേശം 88 ലക്ഷം രൂപ) ഉയർത്തുന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.
Another setback for India; Trump sharply increases H1B visa application fees

എച്ച്1ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് ട്രംപ്

file image

Updated on
Summary

H1-B വിസയ്ക്കുള്ള വാർഷിക ഫീസ് ഒരു ലക്ഷം ഡോളറായി ഉയർത്തി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഏകദേശം 88 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ് ഈ തുക. പരമാവധി 4,500 ഡോളർ (നാല് ലക്ഷത്തോളം രൂപ) ആയിരുന്ന ഫീസാണ് കുത്തനെ വർധിപ്പിച്ചിരിക്കുന്നത്. യുഎസിലെ ഇന്ത്യൻ തൊഴിലാളികളെ, പ്രത്യേകിച്ച് ഐടി രംഗത്ത് ജോലി ചെയ്യുന്നവരെ ഈ തീരുമാനം ഗുരുതരമായി ബാധിക്കും.

വാഷിങ്ടൺ: യുഎസിലെ വിസയുള്ള ഇന്ത്യൻ പ്രൊഫഷണലുകളെ ഗുരുതരമായി ബാധിക്കുന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി, H1-B വിസയുടെ ഫീസ് പ്രതിവർഷം 100,000 ഡോളറായി വർധിപ്പിക്കുന്ന പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ഇതോടെ പരമാവധി നാല് ലക്ഷത്തോളം രൂപ മാത്രം ചെലവായിരുന്ന വിസയുടെ പ്രതിവർഷ ഫീസ് 88 ലക്ഷം രൂപയായാണ് കുതിച്ചുയരുന്നത്.

H1B നോൺ-ഇമിഗ്രന്‍റ് വിസ പ്രോഗ്രാം രാജ്യത്ത് നിലവിലുള്ള കുടിയേറ്റ സംവിധാനങ്ങളിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ് എന്നാണ് വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വിൽ ഷാർഫ് അഭിപ്രായപ്പെട്ടത്. അമെരിക്കക്കാർ ചെയ്യാത്ത മേഖലകളിൽ ജോലി ചെയ്യുന്ന വളരെ വൈദഗ്ധ്യമുള്ള തൊഴിലാളികളെ യുഎസിൽ പ്രവേശിപ്പിക്കാനാണ് ഈ വിസ സമ്പ്രദായം നേരത്തെ ഏർപ്പെടുത്തിയത്.

രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാർ യഥാർഥത്തിൽ ഉയർന്ന വൈദഗ്ധ്യമുള്ളവരാണെന്നും, അർഹരായ യുഎസ് പൗരൻമാർക്ക് ജോലി നിഷേധിക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാനാണ് ഫീസ് വർധനയെന്നും യുഎസ് സർക്കാരിന്‍റെ വിശദീകരണം.

കമ്പനികളാണ് H1B അപേക്ഷകരെ സ്പോൺസർ ചെയ്യുന്നതിനായി പണം നൽകുന്നത്. എന്നാൽ, ഫീസ് ഇത്രയധികം വർധിച്ച സാഹചര്യത്തിൽ യുഎസിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഐടി കമ്പനികൾ പോലും ഇന്ത്യക്കാർ അടക്കമുള്ള വിദേശികളെ റിക്രൂട്ട് ചെയ്യുന്നത് കുത്തനെ കുറയ്ക്കും.

അതേസമയം, വിസ ഫീസ് വർധിപ്പിച്ചതിലൂടെ യുഎസ് ട്രഷറിക്ക് 100 ബില്യൺ ഡോളറിൽ അധിക വരുമാനം ലഭിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വാദം. ആ തുക നികുതി കുറയ്ക്കാനും കടം വീട്ടാനും രാജ്യം ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.

നിലവിൽ മൂന്നു വർഷമാണ് എച്ച്1-ബി വിസയുടെ കാലാവധി. പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയും. പുതിയ പ്രഖ്യാപനം അനുസരിച്ച് ഓരോ വർഷവും ഓരോ കുടിയേറ്റ തൊഴിലാളിക്കും വേണ്ടി കമ്പനി വിസ ഫീസ് ഇനത്തിൽ 88 ലക്ഷം രൂപ വീതം മുടക്കേണ്ടിവരും.

ഒരു കമ്പനി ഗ്രീൻ കാർഡിനായി ഒരു ജീവനക്കാരനെ സ്പോൺസർ ചെയ്യുകയാണെങ്കിൽ, സ്ഥിര താമസം ലഭിക്കുന്നതുവരെ വിസകൾ പുതുക്കാൻ സാധിക്കും. എന്നിരുന്നാലും, യുഎസിൽ ജോലി വിസയിലുള്ള ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡിനായി പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വരുന്നതാണ് പതിവ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com