
വിജയിക്കുമോ ട്രംപിന്‍റെ നയതന്ത്രം?
file photo
വാഷിങ്ടൺ: പാക്കിസ്ഥാന്‍റെ എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിനായി യുഎസുമായി ഒരു പുതിയ വ്യാപാരക്കരാറിൽ ഒപ്പിട്ടതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഒരു നാൾ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് എണ്ണ നൽകിയേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതിനു തൊട്ടു പിന്നാലെയായിരുന്നു ട്രംപിന്‍റെ ഈ പ്രഖ്യാപനം.
പാക്കിസ്ഥാനുമായി യുഎസ് ഒപ്പിട്ട നിർണായകമായ ഒരു കരാർ പ്രകാരം പാക് എണ്ണപ്പാടങ്ങൾ വികസിപ്പിക്കുന്നതിനായി അമെരിക്കയും പാക്കിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇത് ഭാവിയിൽ ഇന്ത്യയ്ക്ക് എണ്ണ വിൽക്കാൻ സാധിക്കും വണ്ണം പാക്കിസ്ഥാനെ വളർത്തിയേക്കാം എന്നും ട്രംപ് കുറിച്ചു.
നിലവിൽ വിവിധ രാജ്യങ്ങളുമായി വ്യാപാരകരാറുകൾ ഉണ്ടാക്കുന്നതിലാണ് വൈറ്റ് ഹൗസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യാപാരക്കമ്മി കുറയ്ക്കുന്നതിന്‍റെ ഭാഗമായി പല രാജ്യങ്ങളുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങൾ തീരുവ കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടു വച്ചതായും ട്രംപ് പറഞ്ഞു.
ഇന്ത്യ എക്കാലത്തും സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും റഷ്യയിൽ നിന്നു വാങ്ങുന്നതും റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ക്രൂഡോയിൽ വാങ്ങുന്നതുമൊന്നും നല്ല കാര്യങ്ങളല്ലെന്നാണ് ട്രംപിന്‍റെ പക്ഷം. അതിനാൽ 25 ശതമാനം താരിഫും മേൽപറഞ്ഞ കാര്യങ്ങൾക്ക് ഒരു അധിക പിഴയും നൽകേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരിക്കുകയാണ്.
എന്നാൽ ഇത്തരത്തിൽ അധിക തീരുവകൾ ചുമത്താൻ ട്രംപിനു ശരിക്കും അധികാരമുണ്ടോ എന്ന ചോദ്യവുമായി ട്രംപിനെ നേരിടുകയാണ് അമെരിക്കയിലെ ഒരു അപ്പീൽ കോടതി.
വൻ തീരുവ ചുമത്തൽ ട്രംപിന്‍റെ അധികാരത്തിൽ പെടുന്നതോ? യുഎസ് അപ്പീൽ കോടതി
ട്രംപ് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കു മേൽ ചുമത്തിയ വൻ തീരുവകൾ തന്‍റെ അധികാരങ്ങൾ ഉപയോഗിച്ച് ന്യായീകരിക്കാനാകുമോ എന്ന നിർണായക ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ് അപ്പീൽ കോടതി ജഡ്ജിമാർ. ഇക്കഴിഞ്ഞ ജൂലൈ 31 നായിരുന്നു ട്രംപിനെതിരെ അപ്പീൽ കോടതിയുടെ രൂക്ഷ വിമർശനം.
വൻ തീരുവ ചുമത്തലിൽ ട്രംപ് തന്‍റെ അധികാരം ദുരുപയോഗം ചെയ്തു എന്ന് ഒരു കീഴ്ക്കോടതി നേരത്തെ വിധിച്ചിട്ടുള്ളതാണ്.
വാഷിങ്ടണിലെ യുഎസ് കോർട്ട് ഒഫ് അപ്പീൽസ് ഫൊർ ദി ഫെഡറൽ സർക്യൂട്ടാണ് ട്രംപ് ഏപ്രിലിൽ വിവിധ യുഎസ് വ്യാപാര പങ്കാളികളിൽ ഏർപ്പെടുത്തിയ പരസ്പര തീരുവകളുടെ നിയമസാധുത പരിഗണിക്കുന്നത്. കൂടാതെ, ഫെബ്രുവരിയിൽ ചൈന, ക്യാനഡ, മെക്സിക്കോ എന്നിവയ്ക്കെതിരെ ചുമത്തിയ തീരുവകളും കോടതിയുടെ പരിഗണനയിലുണ്ട്.
ശത്രുക്കൾക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനോ അവരുടെ ആസ്തികൾ മരവിപ്പിക്കുന്നതിനോ ചരിത്രപരമായി ഉപയോഗിച്ചിരുന്ന 1977ലെ നിയമമായ ഇന്‍റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്റ്റ് (IEEPA) ഉപയോഗിച്ചാണ് ട്രംപ് വൻ തോതിൽ അധിക തീരുവ ചുമത്തുന്നത്. ഇതിനെതിരെ അഞ്ച് ചെറുകിട യുഎസ് ബിസിനസുകളും 12 ഡെമോക്രാറ്റിക് നേതൃത്വത്തിലുള്ള യുഎസ് സംസ്ഥാനങ്ങളും നൽകിയ രണ്ടു കേസുകളിൽ വാദം കേൾക്കുന്നതിനിടെ IEEPA എങ്ങനെയാണ് ട്രംപിന് തീരുവകൾ ചുമത്താൻ അധികാരം നൽകിയതെന്നു വിശദീകരിക്കാൻ അപ്പീൽ കോടതി ജഡ്ജിമാർ സർക്കാർ അഭിഭാഷകനായ ബ്രെറ്റ് ഷൂമറിനോട് ആവശ്യപ്പെടുകയായിരുന്നു.