ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല, കാരണമറിയാം

ആഗോള സാമ്പത്തിക-രാഷ്ട്രീയ വേദിയിൽ സ്വാധീനം വർധിപ്പിക്കാനും പുതിയ സാമ്പത്തിക സഹകരണ സാധ്യതകൾ തേടാനുമാണ് പാക്കിസ്ഥാൻ ബ്രിക്സ് കൂട്ടായ്മയിൽ ചേരാൻ ശ്രമിക്കുന്നത്
Applied for BRICS membership years ago; Pakistan still denied entry.

ബ്രിക്സ് അംഗത്വത്തിനായി വർഷങ്ങൾക്ക് മുൻപ് അപേക്ഷ; പാക്കിസ്ഥാന് ഇപ്പോഴും പ്രവേശനമില്ല

Updated on

ന്യൂഡൽഹി: ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ 11 രാജ്യങ്ങൾ ഉൾപ്പെട്ട ബ്രിക്സ് കൂട്ടായ്മയിൽ അംഗമാകാനുള്ള പാക്കിസ്ഥാന്‍റെ ശ്രമം വർഷങ്ങൾ പിന്നിട്ടിട്ടും ഫലം കണ്ടില്ല. 2023ലാണ് പാക്കിസ്ഥാൻ ബ്രിക്സ് അംഗത്വത്തിനായി ഔദ്യോഗികമായി അപേക്ഷിച്ചത്. എന്നാൽ ഇതുവരെ അംഗത്വം ലഭിച്ചിട്ടില്ല.

ബ്രിക്സിന്‍റെ അംഗത്വം വിപുലീകരിക്കുന്നതിനിടെ പാക്കിസ്ഥാനും കൂട്ടായ്മയിൽ ചേരാനുള്ള താൽപര്യം പ്രകടിപ്പിച്ചിരുന്നു. ചൈനയുടെയും റഷ്യയുടെയും പിന്തുണ നേടുന്നതിനായി പാക്കിസ്ഥാൻ നയതന്ത്രതലത്തിൽ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും പാക്കിസ്ഥാനെ പിന്തുണച്ചിട്ടും അംഗത്വം മാത്രം കിട്ടാക്കനിയായി തുടരുകയാണ്.

ബ്രിക്സിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തുന്നതിന് നിലവിലുള്ള അംഗരാജ്യങ്ങളുടെ ധാരണ പ്രധാനമാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ദീർഘകാല രാഷ്ട്രീയ-നയതന്ത്ര സംഘർഷം പാക്കിസ്ഥാന്‍റെ അംഗത്വശ്രമത്തിന് പ്രധാന തടസമായി തുടരുന്നതായാണ് റിപ്പോർട്ടുകൾ. ബ്രിക്സിൽ പാക്കിസ്ഥാൻ ചേരുന്നതിൽ ഇന്ത്യ എതിർപ്പ് തുടരുകയാണ്. ഇതാണ് ബ്രിക്സിൽ പാക്കിസ്ഥാന് അംഗത്വം ലഭിക്കാത്തതിന്‍റെ പ്രധാന കാരണം.

2024 മുതൽ ബ്രിക്സ് കൂടുതൽ വിപുലീകരിക്കപ്പെട്ടതോടെ ഈ കൂട്ടായ്മയിൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ചേർന്നു. 2025ൽ ഇന്തോനേഷ്യയും പൂർണ അംഗമായി. നിലവിൽ ബ്രിക്സ് 11 രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ്.

ആഗോള സാമ്പത്തിക-രാഷ്ട്രീയ വേദിയിൽ സ്വാധീനം വർധിപ്പിക്കാനും പുതിയ സാമ്പത്തിക സഹകരണ സാധ്യതകൾ തേടാനുമാണ് പാക്കിസ്ഥാൻ ബ്രിക്സ് കൂട്ടായ്മയിൽ ചേരാൻ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളുടെ നിലപാട് നിർണായകമായതിനാൽ പാക്കിസ്ഥാന്‍റെ അപേക്ഷയ്ക്ക് ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com